കുടിയേറ്റ തൊഴിലാളികൾക്കായി എന്ത് ചെയ്തു; കേന്ദ്രത്തിനെ വിമർശിച്ച് സുപ്രീം കോടതി

കുടിയേറ്റ തൊഴിലാളികൾക്കായി എന്ത് ചെയ്തു; കേന്ദ്രത്തിനെ വിമർശിച്ച് സുപ്രീം കോടതി

കുടിയേറ്റ തൊഴിലാളികളെ നാട്ടിൽ തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി സുപ്രീം കോടതി. കേന്ദ്രവും സംസ്ഥാനങ്ങളും ജനങ്ങളെ സഹായിക്കാൻ എന്ത് ചെയ്തുവെന്ന് കോടതി ചോദിച്ചു.

കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് 50 ചോദ്യങ്ങളാണ് സുപ്രീം കോടതിയുടെ മൂന്നംഗ ബഞ്ച് ഉന്നയിച്ചത്. ജസ്റ്റിസുമാരായ അശോക് ഭൂഷൺ, സഞ്ജയ് കിഷൻ കൗൾ, എംആർ ഷാ എന്നിവരടങ്ങിയ ബഞ്ചാണ് ഹർജികളിൽ വാദം കേൾക്കുന്നത്.

അന്തർ സംസ്ഥാന തൊഴിലാളികൾക്ക് രജിസ്‌ട്രേഷൻ കഴിഞ്ഞിട്ടും നാട്ടിൽ പോകാൻ സാധിക്കാത്തത് എന്താണെന്ന് കോടതി ചോദിച്ചു. അവരോട് പണം ആവശ്യപ്പെട്ടിരുന്നോ, സംസ്ഥാനങ്ങൾ പണം നൽകുന്നുണ്ടോ ടിക്കറ്റ് നിരക്കിൽ വ്യക്തതയില്ല തുടങ്ങിയ കാര്യങ്ങളും കോടതി ചൂണ്ടിക്കാട്ടി. സഹായം ആവശ്യമുള്ള തൊഴിലാളികൾക്ക് അത് ലഭിച്ചില്ലെന്നും കോടതി പറഞ്ഞു

എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാകില്ലെന്നകാര്യം അംഗീകരിക്കുന്നു. എന്നാൽ യാത്ര ഉറപ്പാകുന്നതു വരെ എല്ലാവർക്കും ഭക്ഷണവും താമസ സൗകര്യവും നൽകണം. എഫ് സി ഐ ഗോഡൗണുകളിൽ ഭക്ഷ്യസാധനങ്ങൾ കെട്ടിക്കിടന്നിട്ടും തൊഴിലാളികൾ പട്ടിണിയിൽ ആണെന്ന് കോടതി ഓർമിപ്പിച്ചു

തൊഴിലാളികളെ നാട്ടിലെത്തിക്കാൻ എത്ര സമയം വേണമെന്ന് കേന്ദ്രം വ്യക്തമാക്കണം. ഇവരുടെ പ്രശ്‌നം പരിഹരിക്കാൻ കൃത്യമായ സംവിധാനം വേണമെന്നും മൂന്നംഗ ബഞ്ച് നിർദേശിച്ചു.

എന്നാൽ മെയ് ഒന്ന് മുതൽ ഒമ്പത് ലക്ഷം കുടിയേറ്റ തൊഴിലാളികളെ ശ്രമിക് ട്രെയിനുകളിൽ വിവിധ സംസ്ഥാനങ്ങളിലേക്ക് തിരിച്ചെത്തിച്ചുവെന്ന് കേന്ദ്രം അറിയിച്ചു. ഈ പരിശ്രമം തുടരുകയാണ്. ഇതുവരെയില്ലാത്ത പ്രതിസന്ധിയാണ് തൊഴിലാളികളുടെ മടക്കയാത്രയുമായി ബന്ധപ്പെട്ടുള്ളതെന്നും സോളിസിറ്റർ ജനറൽ പറഞ്ഞു.

Share this story