ആശുപത്രി നിർമാണത്തിന് സൗജന്യ ഭൂമി ലഭിച്ച സ്വകാര്യ ആശുപത്രികൾ കൊവിഡ് ബാധിതരെ സൗജന്യമായി ചികിത്സിക്കാത്തത് എന്തെന്ന്‌ സുപ്രീം കോടതി

ആശുപത്രി നിർമാണത്തിന് സൗജന്യ ഭൂമി ലഭിച്ച സ്വകാര്യ ആശുപത്രികൾ കൊവിഡ് ബാധിതരെ സൗജന്യമായി ചികിത്സിക്കാത്തത് എന്തെന്ന്‌ സുപ്രീം കോടതി

ആശുപത്രി നിർമാണത്തിനായി സൗജന്യമായി ഭൂമി ലഭിച്ച സ്വകാര്യ ആശുപത്രികൾക്ക് കൊവിഡ് ബാധിതരെ ചികിത്സിക്കാൻ സാധിക്കാത്തത് എന്തുകൊണ്ടാണെന്ന് സുപ്രീം കോടതി. സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ ചെലവുകൾ സംബന്ധിച്ച പൊതുതാത്പര്യ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കടോതി.

കൊവിഡ് രോഗികളെ സൗജന്യമായും വളരെ കുറഞ്ഞ ചെലവിനും ചികിത്സിക്കാൻ സാധിക്കുന്ന സ്വകാര്യ ആശുപത്രികളുടെ വിവരങ്ങൾ ഹാജരാക്കാൻ ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ, ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, ഋഷികേശ് റോയ് എന്നിവരടങ്ങിയ ബഞ്ച് നിർദേശിച്ചു.

അഭിഭാഷകനായ സച്ചിൻ ജെയിനാണ് പൊതുതാത്പര്യ ഹർജി ഫയൽ ചെയ്തത്. രാജ്യത്തെ പല സ്വകാര്യ ആശുപത്രികൾക്കും സൗജന്യമായോ കുറഞ്ഞ ചെലവിലോ ആണ് ഭൂമി ലഭ്യമായിട്ടുള്ളതെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം സൗജന്യം കൈപ്പറ്റിയ ആശുപത്രികൾക്ക് ചികിത്സയും സൗജന്യമായി നൽകാനുള്ള ബാധ്യതയുണ്ട്. ഇതുസംബന്ധിച്ച് പൊതുവായ നയം രൂപീകരിക്കണമെന്ന് കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടു

പല സ്വകാര്യ ആശുപത്രികളും കൊവിഡ് ചികിത്സക്ക് വലിയ തുകയാണ് ഈടാക്കുന്നത്. മഹാമാരി ഇത്തരത്തിൽ വ്യാപിക്കുമ്പോൾ സർക്കാർ ആശുപത്രികളെ മാത്രം ചികിത്സക്കായി സമീപിക്കാൻ സാധിക്കില്ലെന്നും കോടതി നിരീക്ഷിച്ചു.

Share this story