ഫ്‌ളൈ ഓവറിന് സവർക്കറുടെ പേര്: സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കുന്നതിന് തുല്യമെന്ന് കോൺഗ്രസ്

ഫ്‌ളൈ ഓവറിന് സവർക്കറുടെ പേര്: സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കുന്നതിന് തുല്യമെന്ന് കോൺഗ്രസ്

കടുത്ത എതിർപ്പുകൾക്കിടയിലും ബംഗളൂരു നഗരത്തിലെ ഫ്‌ളൈ ഓവറിന് തീവ്രഹിന്ദുത്വ വാദി വി ഡി സവർക്കറുടെ പേരിടാൻ തീരുമാനിച്ച് കർണാടകയിലെ ബിജെപി സർക്കാർ. യെലഹങ്കയിലെ മേജർ ഉണ്ണികൃഷ്ണൻ റോഡിന് സമീപത്തുള്ള ഫ്‌ളൈ ഓവറിനാണ് സവർക്കറുടെ പേരിടാൻ തീരുമാനിച്ചത്.

കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ആഘോഷങ്ങൾ ചുരുക്കുമെന്നും യെദ്യൂരപ്പ സർക്കാർ അറിയിച്ചു. രൂക്ഷ വിമർശനമാണ് ഇതിനെതിരെ കോൺഗ്രസ് ഉയർത്തിയിരിക്കുന്നത്. കർണാടകയുടെ മണ്ണിൽ നിന്നുള്ള സ്വാതന്ത്ര സമര സേനാനികളെ അപമാനിക്കുന്നതിന് തുല്യമാണ് സർക്കാരിന്റെ നീക്കമെന്ന് കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ പറഞ്ഞു

സവർക്കറുടെ പേരിടാനുള്ള നീക്കത്തിൽ നിന്ന് പിൻമാറി സ്വാതന്ത്ര്യ സമര സേനാനികളിൽ ആരുടെയെങ്കിലും പേരിടാൻ തയ്യാറാകണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു. കർണാടകയിൽ ഭരണം നടത്തുന്നത് തെരഞ്ഞെടുക്കപ്പെട്ട സർക്കാരല്ല, മറിച്ച് തിരശ്ശീലക്ക് പിന്നിൽ നിൽക്കുന്നവരാണെന്ന് വ്യക്തമാകുന്നതായും സിദ്ധരാമയ്യ പറഞ്ഞു

ജെഡിയുവും സർക്കാർ തീരുമാനത്തെ വിമർശിച്ച് രംഗത്തുവന്നു. സംസ്ഥാനത്തിന്റെ അഭിവൃദ്ധിക്കായി പോരാടുന്നവരെ അപമാനിക്കുന്നതാണ് സർക്കാർ നടപടിയെന്ന് കുമാരസ്വാമി ആരോപിച്ചു

സ്വാതന്ത്ര്യത്തിന് മുമ്പും പിമ്പും സംസ്ഥാനത്തിന്റെ വളർച്ചക്കും വികസനത്തിനും വേണ്ടി പ്രവർത്തിച്ച ഒരുപാട് പ്രമുഖർ ജീവിച്ച മണ്ണാണിത്. ഫ്‌ളൈ ഓവറിന് അവരുടെ പേര് നൽകാമായിരുന്നു. തീരുമാനത്തിൽ നിന്ന് സർക്കാർ പിൻമാറണമെന്നും കുമാരസ്വാമി ആവശ്യപ്പെട്ടു

Share this story