കൊവിഡ് കണക്കിൽ ഒമ്പതാം സ്ഥാനത്തേക്ക് ഉയർന്ന് ഇന്ത്യ; മരണനിരക്കിൽ ചൈനയെയും മറികടന്നു

കൊവിഡ് കണക്കിൽ ഒമ്പതാം സ്ഥാനത്തേക്ക് ഉയർന്ന് ഇന്ത്യ; മരണനിരക്കിൽ ചൈനയെയും മറികടന്നു

രാജ്യത്ത് കടുത്ത ആശങ്ക പടർത്തി കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. കൊവിഡ് രോഗികളുടെ എണ്ണം 1.6 ലക്ഷം പിന്നിടുമ്പോൾ രൂക്ഷമായി രോഗം ബാധിച്ച ലോകരാഷ്ട്രങ്ങളുടെ പട്ടികയിൽ ചൈനയെയും ഇന്ത്യ മറികടന്നു. ചൈന ഔദ്യോഗികമായി റിപ്പോർട്ട് ചെയ്ത മരണസംഖ്യയെയും ഇന്ത്യ മറികടന്നിട്ടുണ്ട്

1,65,386 കൊവിഡ് രോഗികളാണ് ഇന്ത്യയിലുള്ളത്. ചൈന പുറത്തുവിട്ട കണക്കുകൾ 84,106 ആണ്. ഇതിന്റെ ഇരട്ടി രോഗികളാണ് ഇന്ത്യയിലുള്ളത്. മരണസംഖ്യ ചൈനയിൽ 4638 ആയിരുന്നുവെങ്കിൽ ഇന്ത്യയിൽ മരണം 4711 ആയി ഉയർന്നു കഴിഞ്ഞു.

അതേസമയം രോഗികളുടെ എണ്ണത്തിൽ അമേരിക്കയാണ് ഇപ്പോഴും മുന്നിൽ നിൽക്കുന്നത്. 17 ലക്ഷം പേർക്കാണ് യുഎസിൽ കൊവിഡ് സ്ഥിരീകരിച്ചത്. ബ്രസീൽ, റഷ്യ, യുകെ, സ്‌പെയിൻ, ഇറ്റലി, ഫ്രാൻസ്, ജർമനി രാജ്യങ്ങളാണ് ഇന്ത്യക്ക് മുന്നിലുള്ളത്. രോഗികളുടെ എണ്ണത്തിൽ ഇന്ത്യ ഒമ്പതാം സ്ഥാനത്ത് നിൽക്കുമ്പോൾ ചൈന പതിനാലാമതാണ്.

മരണസംഖ്യയിലും യുഎസാണ് ഒന്നാമത്. ഒരു ലക്ഷത്തിലധികം പേരാണ് യുഎസിൽ മരിച്ചത്. രണ്ടാം സ്ഥാനത്ത് യുകെയും പിന്നിൽ ഇറ്റലി, ഫ്രാൻസ്, സ്‌പെയിൻ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളുമാണ്. ഈ പട്ടികയിൽ പതിമൂന്നാം സ്ഥാനത്താണ് ഇന്ത്യ.

ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇന്ത്യയിലെ കൊവിഡ് കേസുകളും മരണനിരക്കും കുതിച്ചുയരാൻ തുടങ്ങിയത്. പ്രത്യേക ട്രെയിൻ സർവീസും വിമാന സർവീസും ആരംഭിച്ചതോടെ രോഗികളുടെ എണ്ണം ഉയരുകയായിരുന്നു.

Share this story