ഛത്തിസ്ഗഢിന്റെ പ്രഥമ മുഖ്യമന്ത്രിയായിരുന്ന അജിത് ജോഗി അന്തരിച്ചു

ഛത്തിസ്ഗഢിന്റെ പ്രഥമ മുഖ്യമന്ത്രിയായിരുന്ന അജിത് ജോഗി അന്തരിച്ചു

ഛത്തിസ്ഗഢിന്റെ ആദ്യ മുഖ്യമന്ത്രിയും ജനതാ കോൺഗ്രസ് ഛത്തിസ്ഗഡ്(ജെ) നേതാവുമായ അജിത് ജോഗി അന്തരിച്ചു. 74 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.

പ്രഭാത ഭക്ഷണം കഴിക്കുന്നതിനിടെ തളർന്നുവീണ അജിത് ജോഗിയെ കഴിഞ്ഞ ദിവസം ശ്രീനാരായണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ മരുന്നുകളോട് ശരീരം പ്രതികരിച്ചിരുന്നില്ല. ശ്വാസതടസ്സമുള്ളതിനാൽ തലച്ചോറിലേക്ക് ഓക്‌സിജൻ എത്തുന്നതും തടസ്സപ്പെട്ടിരുന്നു.

ഛത്തിസ്ഗഢ് കോൺഗ്രസിന്റെ ഉന്നതനായ നേതാവായിരുന്നു അജിത് ജോഗി. ഐഎഎസ് രാജിവെച്ചാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. സംസ്ഥാനം രൂപീകരിച്ചപ്പോൾ ആദ്യ മുഖ്യമന്ത്രിയായി. 2016ൽ കോൺഗ്രസിൽ നിന്ന് രാജിവെച്ചു. കഴിഞ്ഞ തവണ ജനതാ കോൺഗ്രസ് ഛത്തിസ്ഗഢ് എന്ന പാർട്ടിയുമായാണ് അദ്ദേഹം രംഗത്തിറങ്ങിയത്.

നെഹ്‌റു ഗാന്ധി കുടുംബവുമായി ഏറെ അടുപ്പം പുലർത്തിയിരുന്ന നേതാവ് കൂടിയായിരുന്നു അദ്ദേഹം. അതേസമയം വിവാദങ്ങളുടെ തോഴനുമായിരുന്നു. അഴിമതി, അനധികൃത സ്വത്ത് സമ്പാദനം, മോഷണം, കൊലപാതകം അടക്കമുള്ള ആരോപണങ്ങളും അജിത് ജോഗിക്ക് മേലുയർന്നു. ഇടക്കുണ്ടായ വാഹനാപകടത്തെ തുടർന്ന് ചക്ര കസേരയിലിരുന്നായിരുന്നു പിന്നീടുള്ള പ്രവർത്തനം. 2016ൽ മകനെ കോൺഗ്രസ് പുറത്താക്കിയതിന് പിന്നാലെയാണ് അജിത് ജോഗിയും കോൺഗ്രസ് വിട്ടത്. എങ്കിലും ഗാന്ധി കുടുംബത്തിനെതിരെ ഒരക്ഷരം പോലും താൻ മിണ്ടില്ലെന്നായിരുന്നു ജോഗിയുടെ പ്രഖ്യാപിത നയം

Share this story