ലോക്ക് ഡൗൺ അഞ്ചാം ഘട്ടത്തിലേക്ക് നീളും; അമിത് ഷാ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ലോക്ക് ഡൗൺ അഞ്ചാം ഘട്ടത്തിലേക്ക് നീളും; അമിത് ഷാ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

രാജ്യത്ത് കൊവിഡ് പ്രതിരോധത്തിനായി തുടരുന്ന നാലാം ഘട്ട ലോക്ക് ഞായറാഴ്ച അവസാനിക്കാനിരിക്കെ ആഭ്യന്തര മന്ത്രി അമിത് ഷാ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ലോക്ക് ഡൗൺ അഞ്ചാം ഘട്ടത്തിലേക്ക് നീട്ടുന്ന കാര്യത്തിൽ തീരുമാനമെടുക്കാനായിരുന്നു കൂടിക്കാഴ്ച

ഇന്നലെ മുഖ്യമന്ത്രിമാരുമായി അമിത് ഷാ ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ മുതിർന്ന ഉദ്യോഗസ്ഥരുമായി യോഗം ചേർന്ന് അദ്ദേഹം സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. പിന്നാലെയാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

അന്താരാഷ്ട്ര വിമാന സർവീസുകൾ ഉടൻ ആരംഭിക്കരുതെന്നാണ് വിവിധ സംസ്ഥാനങ്ങൾ ഉന്നയിച്ചത്. സ്‌കൂളുകൾ അടുത്ത ഒരു മാസത്തിൽ തുറക്കാനുള്ള നിർദേശങ്ങൾ തയ്യാറാക്കണമെന്നും ചുരുക്കം ചില സംസ്ഥാനങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ട്. ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ വേണമെന്നാണ് ഭൂരിപക്ഷം സംസ്ഥാനങ്ങളും ആവശ്യപ്പെട്ടത്.

അഞ്ചാംഘട്ട ലോക്ക് ഡൗൺ സംബന്ധിച്ച മാർഗനിർദേശങ്ങൾ കേന്ദ്രം ഉടൻ പുറത്തിറക്കിയേക്കും. ഞായറാഴ്ച നടക്കാനിരിക്കുന്ന മൻ കി ബാത്തിൽ പ്രധാനമന്ത്രി രാജ്യത്തിന്റെ പൊതുവായ സ്ഥിതി വിശദീകരിക്കും. കൊവിഡ് വ്യാപനം രൂക്ഷമായ ആറ് സംസ്ഥാനങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ തുടർന്ന് മറ്റിടങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാനുള്ള മാർഗരേഖയാണ് കേന്ദ്രം തയ്യാറാക്കുന്നത്. ലോക്ക് ഡൗൺ തുടരുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Share this story