യുപിയിൽ കൊവിഡ് പരിശോധനക്കായി സൂക്ഷിച്ചിരുന്ന സ്രവ സാമ്പിളുകൾ കുരങ്ങൻമാർ കൊണ്ടുപോയി; കടുത്ത ആശങ്ക

യുപിയിൽ കൊവിഡ് പരിശോധനക്കായി സൂക്ഷിച്ചിരുന്ന സ്രവ സാമ്പിളുകൾ കുരങ്ങൻമാർ കൊണ്ടുപോയി; കടുത്ത ആശങ്ക

ഉത്തർപ്രദേശിലെ മീററ്റിൽ കൊവിഡ് രോഗബാധ സംശയിക്കുന്നവരിൽ നിന്ന് സ്രവപരിശോധന നടത്തുന്നതിനായി ശേഖരിച്ചു വെച്ച സാമ്പിളുകൾ കുരങ്ങൻമാർ എടുത്തുകൊണ്ടുപോയി. മീററ്റ് മെഡിക്കൽ കോളജിലെ ലാബിൽ കടന്നുകയറി കുരങ്ങൻമാരാണ് സാമ്പിളുകളുമായി കടന്നത്.

മൂന്ന് പേരിൽ നിന്ന് ശേഖരിച്ച സാമ്പിളുകളാണ് കുരങ്ങൻമാർ കടത്തിയത്. ഈ മൂന്ന് പേരിൽ നിന്ന് സാമ്പിളുകൾ വീണ്ടും ശേഖരിച്ചു. അതേസമയം ആദ്യം ശേഖരിച്ച സാമ്പിളുകൾ കുരങ്ങൻമാർ കൊണ്ടുപോയത് വലിയ ആശങ്കക്ക് വഴിവെച്ചിട്ടുണ്ട്. കുരങ്ങൻമാർ മരത്തിന് മുകളിലിരുന്ന് സാമ്പിൾ കളക്ഷൻ കിറ്റുകൾ ചവയ്ക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചു. മീററ്റ് മെഡിക്കൽ കോളജിൽ കുരങ്ങുകളുടെ ശല്യം രൂക്ഷമാണെന്നും ഇതിന് മുമ്പും ഇത്തരം സംഭവങ്ങൾ നടന്നതായി ഡോക്ടർമാർ അറിയിച്ചു. വനംവകുപ്പിനെ ഇക്കാര്യം അറിയിച്ചിരുന്നുവെങ്കിലും ഇവയെ പിടികൂടാൻ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ഡോക്ടർമാർ പറയുന്നു.

Share this story