24 മണിക്കൂറിനിടെ രാജ്യത്ത് 7964 കൊവിഡ് കേസുകൾ, 265 മരണം; ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന തോത്

24 മണിക്കൂറിനിടെ രാജ്യത്ത് 7964 കൊവിഡ് കേസുകൾ, 265 മരണം; ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന തോത്

കടുത്ത ആശങ്ക വർധിപ്പിച്ച് രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. അതിവേഗമാണ് രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 7964 പേർക്ക് ഇന്ത്യയിൽ കൊവിഡ് സ്ഥിരീകരിച്ചു.

ഇന്നലെ മാത്രം 265 പേരാണ് രാജ്യത്ത് മരിച്ചത്. ഒരു ദിവസത്തിനിടെ ഇത്രയുമധികം കേസുകളും മരണവും രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യമാണ്. ഇതിനോടകം 1,73,763 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. മരിച്ചവരുടെ എണ്ണം 4971 ആയി ഉയരുകയും ചെയ്തു.

86422 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 82369 പേർ രോഗമുക്തി നേടിയിട്ടുണ്ട്. മഹാരാഷ്ട്രയിൽ മാത്രം 59546 പേർക്ക് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 38948 പേർ നിലവിൽ ചികിത്സയിലുണ്ട്. 1982 പേരാണ് സംസ്ഥാനത്ത് മരിച്ചത്.

രോഗികളുടെ എണ്ണത്തിൽ തമിഴ്‌നാടാണ് രണ്ടാം സ്ഥാനത്ത്. 19372 പേർക്കാണ് തമിഴ്‌നാട്ടിൽ ഇതിനോടകം രോഗം സ്ഥിരീകരിച്ചത്. 145 പേർ മരിച്ചു. രോഗികളുടെ എണ്ണത്തിൽ നാലാം സ്ഥാനത്തുള്ള ഗുജറാത്ത് പക്ഷേ മരണ നിരക്കിൽ രണ്ടാം സ്ഥാനത്താണ്. 15562 പേർക്കാണ് ഗുജറാത്തിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിനോടകം 960 പേർ ഗുജറാത്തിൽ മരിച്ചു.

രാജ്യതലസ്ഥാനമായ ഡൽഹിയിൽ 16281 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 316 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 7454 പേർക്ക് രോഗം സ്ഥിരീകരിച്ച മധ്യപ്രദേശിൽ 321 പേരാണ് ഇതിനോടകം മരിച്ചത്.

Share this story