ലോക്ക് ഡൗൺ ജൂൺ 30 വരെ, നിയന്ത്രണങ്ങൾ കണ്ടെയ്ൻമെന്റ് സോണിൽ മാത്രം; ജൂൺ 8 മുതൽ ആരാധനാലയങ്ങൾ തുറക്കാം

ലോക്ക് ഡൗൺ ജൂൺ 30 വരെ, നിയന്ത്രണങ്ങൾ കണ്ടെയ്ൻമെന്റ് സോണിൽ മാത്രം; ജൂൺ 8 മുതൽ ആരാധനാലയങ്ങൾ തുറക്കാം

രാജ്യത്ത് ലോക്ക് ഡൗണ് അഞ്ചാം ഘട്ടത്തിലേക്ക് കൂടി നീട്ടി. ജൂൺ 30 വരെയാണ് ലോക്ക് ഡൗൺ നീട്ടിയത്. കണ്ടെയ്‌ന്മെന്റ് സോണുകളിൽ മാത്രമാണ് അഞ്ചാം ഘട്ട ലോക്ക് ഡൗണിൽ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുക. കണ്ടെയ്ൻമെന്റ് സോണുകൾക്ക് പുറത്തുള്ള ആരാധനാലയങ്ങളും ഷോപ്പിംഗ് മാളുകളും ഹോട്ടലുകളും ജൂൺ 8 മുതൽ തുറക്കാമെന്ന് കേന്ദ്ര സർക്കാർ പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നു.

കണ്ടെയ്ൻമെന്റിന് പുറത്തുള്ള എല്ലാ പ്രവർത്തനങ്ങളും ഘട്ടം ഘട്ടമായി തുറന്ന് പ്രവർത്തിക്കുന്നത് സംബന്ധിച്ച പുതിയ മാർഗനിർദേശങ്ങൾ കേന്ദ്രം പുറപ്പെടുവിച്ചിട്ടുണ്ട്. ജൂൺ എട്ട് മുതൽ ആരാധനാലയങ്ങൾ, ഹോട്ടലുകൾ, റസ്‌റ്റോറന്റുകൾ, സേവനവുമായി ബന്ധപ്പെട്ട മറ്റ് സർവീസുകൾ, ഷോപ്പിംഗ് മാളുകൾ എന്നിവ തുറന്ന് പ്രവർത്തിക്കും.

പൊതുസ്ഥലങ്ങൾ തുറക്കേണ്ട മാർഗനിർദേശങ്ങൾ കേന്ദ്രം ഉടൻ പുറപ്പെടുവിക്കും. അഞ്ചാം ഘട്ട ലോക്ക് ഡൗണിന്റെ രണ്ടാം ഘട്ടത്തിലായിരിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുക. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരുകളുമായി കൂടിയാലോചനകൾ നടത്തും.

മൂന്നാം ഘട്ടമായി അന്താരാഷ്ട്ര യാത്രകളും മെട്രോ ഗതാഗതവും പുന:സ്ഥാപിക്കും. സിനിമാ തീയറ്ററുകളും ജിംനേഷ്യം, സ്വിമ്മിംഗ് പൂളുകൾ, പാർക്കുകൾ എന്നിവയും പൊതുപരിപാടികളും ഈ ഘട്ടത്തിൽ തുറക്കും.

Share this story