മുമ്പ് പറഞ്ഞതൊക്കെ വെറുതെയായിരുന്നു: ശ്രമിക് ട്രെയിനുകളുടെ ടിക്കറ്റ് തുക ഞങ്ങൾ വഹിക്കില്ല, സംസ്ഥാനങ്ങൾ വഹിക്കണമെന്ന് കേന്ദ്രം

മുമ്പ് പറഞ്ഞതൊക്കെ വെറുതെയായിരുന്നു: ശ്രമിക് ട്രെയിനുകളുടെ ടിക്കറ്റ് തുക ഞങ്ങൾ വഹിക്കില്ല, സംസ്ഥാനങ്ങൾ വഹിക്കണമെന്ന് കേന്ദ്രം

കുടിയേറ്റ തൊഴിലാളികൾക്കായുള്ള ശ്രമിക് ട്രെയിനുകളുടെ ടിക്കറ്റ് തുക വഹിക്കേണ്ടത് സംസ്ഥാനങ്ങളാണെന്ന് കേന്ദ്ര സർക്കാർ. ടിക്കറ്റ് തുക അടയ്‌ക്കേണ്ടത് സംസ്ഥാനങ്ങളാണെന്ന് അറിയിച്ച് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി.

കുടിയേറ്റ തൊഴിലാളികളുടെ ടിക്കറ്റ് തുക നൽകുന്നത് ആരാണെന്ന് സംബന്ധിച്ച് ആശയക്കുഴപ്പം നിലനിന്നിരുന്നു. 85 ശതമാനം കേന്ദ്രവും 15 ശതമാനം സംസ്ഥാനങ്ങളും നൽകുന്നുവെന്നായിരുന്നു മുമ്പ് കേന്ദ്രസർക്കാർ വൃത്തങ്ങൾ അവകാശപ്പെട്ടിരുന്നത്. ബിജെപി വക്താവ് സമ്പിത് പത്രയും ഇതേ കാര്യം അവകാശപ്പെട്ടിരുന്നു

എന്നാൽ കുടിയേറ്റ തൊഴിലാളികൾ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചുള്ള പൊതുതാത്പര്യ ഹർജി സുപ്രീം കോടതിയിൽ എത്തിയതോടെയാണ് സത്യം പുറത്തുവന്നത്. ട്രെയിൻ ഏർപ്പെടുത്തുന്ന സംസ്ഥാനമോ അല്ലെങ്കിൽ തൊഴിലാളികളെ സ്വീകരിക്കുന്ന സംസ്ഥാനമോ ആണ് ശ്രമിക് ട്രെയിന്റെ ടിക്കറ്റ് നിരക്ക് നൽകേണ്ടതെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.

കുടിയേറ്റ തൊഴിലാളികൾ ടിക്കറ്റ് നിരക്ക് നൽകേണ്ടതില്ലെന്നും തുഷാർ മേത്ത കോടതിയിൽ അറിയിച്ചു. എന്നാൽ കുടിയേറ്റ തൊഴിലാളികളിൽ നിന്ന് പണം ഈടാക്കുന്നില്ലെന്ന് എങ്ങനെ ഉറപ്പു വരുത്തും എന്നായിരുന്നു കോടതിയുടെ ചോദ്യം. അതാത് സംസ്ഥാനങ്ങളോട് റിപ്പോർട്ട് തേടണമെന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി.

Share this story