24 മണിക്കൂറിനിടെ 8392 പേർക്ക് കൂടി കൊവിഡ്, 230 മരണം; രാജ്യത്ത് കൊവിഡ് നിയന്ത്രണാതീതമാകുന്നു

24 മണിക്കൂറിനിടെ 8392 പേർക്ക് കൂടി കൊവിഡ്, 230 മരണം; രാജ്യത്ത് കൊവിഡ് നിയന്ത്രണാതീതമാകുന്നു

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം നിയന്ത്രണാതീതമായി വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 8392 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 230 പേർ കൊവിഡ് ബാധിതരായി ഒരു ദിവസത്തിനിടെ രാജ്യത്ത് മരിച്ചു.

രാജ്യത്ത് ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 1,90,535 ആയി ഉയർന്നു. ആകെ മരിച്ചവരുടെ എണ്ണം 5394 ആയി. 93322 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 91819 പേർ രോഗമുക്തി നേടി.

മഹാരാഷ്ട്രയിൽ മാത്രം 67655 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2286 പേരാണ് സംസ്ഥാനത്ത് മരിച്ചത്. 16779 പേർക്ക് കൊവിഡ് സ്ഥിരീകരിച്ച ഗുജറാത്തിൽ മരണനിരക്ക് 1038 ആയി ഉയർന്നു. തമിഴ്‌നാട്ടിൽ 22333 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 173 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

രോഗബാധിതരുടെ എണ്ണത്തിൽ ഇന്ത്യ ആഗോളതലത്തിൽ ഏഴാം സ്ഥാനത്തേക്ക് ഉയർന്നു. കൂടുതൽ രോഗികളും മരണവും അമേരിക്കയിലാണ്. 18.37 ലക്ഷം പേർക്കാണ് അമേരിക്കയിൽ കൊവിഡ് സ്ഥിരീകരിച്ചത്. 1.06 ലക്ഷം പേർ അമേരിക്കയിൽ മരിച്ചു.

രണ്ടാം സ്ഥാനത്തുള്ള ബ്രസീലിൽ രോഗികളുടെ എണ്ണം 5.14 ലക്ഷം കടന്നു. മുപ്പതിനായിരത്തിലധികം പേർ ഇതിനോടകം മരിച്ചു. നാല് ലക്ഷത്തോളം രോഗികളുള്ള റഷ്യയാണ് മൂന്നാം സ്ഥാനത്ത്. അതേസമയം മരണനിരക്ക് പിടിച്ചു നിർത്താൻ റഷ്യക്ക് സാധിച്ചിട്ടുണ്ട്. 4693 ആണ് റഷ്യയിലെ മരണനിരക്ക്. നാലാം സ്ഥാനത്തുള്ള ബ്രിട്ടനിൽ 2.74 ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 38,489 പേർ ഇതിനോടകം മരിച്ചു.

Share this story