ടൂറിസം മന്ത്രിക്ക് കൊവിഡ്; ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രിസഭ ഒന്നാകെ ക്വാറന്റൈനിൽ

ടൂറിസം മന്ത്രിക്ക് കൊവിഡ്; ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രിസഭ ഒന്നാകെ ക്വാറന്റൈനിൽ

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തും മന്ത്രിമാരും ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. മെയ് 29ന് നടന്ന മന്ത്രിസഭാ യോഗത്തിൽ ഇവർക്കൊപ്പം പങ്കെടുത്ത ഒരു മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മന്ത്രിസഭ ഒന്നാകെ ക്വാറന്റൈനിൽ പോയത്.

ഉത്തരാഖണ്ഡ് ടൂറിസം മന്ത്രി സത്പാൽ മഹാരാജിനും അഞ്ച് കുടുംബാംഗങ്ങൾക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവർ എയിംസിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിൽ സത്പാലും പങ്കെടുത്തിരുന്നു. ഇതോടെയാണ് മുഖ്യമന്ത്രി ഉൾപ്പെടെ എല്ലാ മന്ത്രിമാരും സ്വയം ക്വറന്റൈനിൽ പോകാൻ തീരുമാനിച്ചത്.

ഹോം ക്വാറന്റൈനിലാണെങ്കിലും മന്ത്രിമാർ അവരവരുടെ ജോലികൾ വീട്ടിലിരുന്ന് ചെയ്യുമെന്ന് സർക്കാർ അറിയിച്ചു. മന്ത്രിസഭാ യോഗത്തിൽ സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് അടക്കമുള്ള സുരക്ഷാ മുൻകരുതലുകൾ എടുക്കുകയും ചെയ്തതിനാൽ അപകടസാധ്യത കുറവാണെന്നും സർക്കാർ അറിയിച്ചു.

Share this story