നിസർഗ തീരം തൊട്ടു: മഹാരാഷ്ട്രയിൽ കനത്ത മഴ; വ്യാപക നാശനഷ്ടം

നിസർഗ തീരം തൊട്ടു: മഹാരാഷ്ട്രയിൽ കനത്ത മഴ; വ്യാപക നാശനഷ്ടം

നിസർഗ ചുഴലിക്കാറ്റ് മഹാരാഷ്ട്രയിൽ തീരം തൊട്ടു. മഹാരാഷ്ട്രയുടെ വടക്കൻ തീരത്ത് കടൽക്ഷോഭം രൂക്ഷമാണ്. മുംബൈയിൽ 75 കിലോമീറ്റർ വേഗതയിലാണ് ഇപ്പോൾ കാറ്റ് വീശിയടിക്കുന്നത്. ദക്ഷിണ മുംബൈയിൽ വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്

റായ്ഗഢ് ജില്ലയിലാണ് നിസർഗ ചുഴലിക്കാറ്റ് തീരം തൊട്ടത്. തുടർന്ന് മഹാരാഷ്ട്രയുടെ മറ്റ് ഭാഗങ്ങളിലേക്ക് നീങ്ങുകയായിരുന്നു. നിരവധി മരങ്ങൾ കടപുഴകി വീണിട്ടുണ്ട്. മുംബൈയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു നൂറ്റാണ്ടിനിടെ മുംബൈയിൽ ആഞ്ഞടിക്കുന്ന ആദ്യത്തെ ചുഴലിക്കാറ്റാണ് നിസർഗ. രണ്ടാഴ്ചക്കിടെ ഇന്ത്യയിൽ ആഞ്ഞടിക്കുന്ന രണ്ടാമത്തെ ചുഴലിക്കാറ്റാണ് നിസർഗ.

കൊവിഡ് രൂക്ഷമായി ബാധിക്കുമ്പോൾ തന്നെ നിസർഗയെയും കൂടി പ്രതിരോധിക്കേണ്ട അവസ്ഥയാണ് മഹാരാഷ്ട്രക്ക്. ജനങ്ങൾ പുറത്തിറങ്ങരുതെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മുംബൈയിൽ ബീച്ചുകൾ, പാർക്കുകൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിലേക്ക് ജനങ്ങൾ ആരും എത്തരുതെന്നും കോർപറേഷൻ അധികൃതരും പോലീസും നിർദേശം നൽകിയിട്ടുണ്ട്.

ലോക്ക് ഡൗൺ ഇളവുകൾ രണ്ട് ദിവസത്തേക്ക് ഉണ്ടായിരിക്കില്ലെന്നും സംസ്ഥാനം ഇപ്പോൾ നേരിടുന്ന കൊവിഡിനേക്കാൾ വലിയ വെല്ലുവിളിയാകാം നിസർഗ ചുഴലിക്കാറ്റെന്നും ഉദ്ദവ് താക്കറെ പറഞ്ഞു

Share this story