ആവശ്യങ്ങൾ അംഗീകരിച്ചു; ഡൽഹി എയിംസിലെ നഴ്‌സുമാരുടെ സമരം അവസാനിപ്പിച്ചു

ആവശ്യങ്ങൾ അംഗീകരിച്ചു; ഡൽഹി എയിംസിലെ നഴ്‌സുമാരുടെ സമരം അവസാനിപ്പിച്ചു

വിവിധ ആവശ്യങ്ങളുന്നയിച്ച് ഡൽഹി എയിംസിലെ നഴ്‌സുമാർ നടത്തി വന്ന സമരം അവസാനിപ്പിച്ചു. പിപിഇ കിറ്റ് ധരിച്ചുള്ള ഡ്യൂട്ടി സമയം കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ അധികൃതർ അംഗീകരിച്ചതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.

ഇന്ന് നടന്ന ചർച്ചയിലാണ് തീരുമാനം. കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ എയിംസിൽ നടന്ന സമരം ദേശീയ ശ്രദ്ധയാകർഷിച്ചിരുന്നു. ജോലി ചെയ്യുന്ന നഴ്‌സുമാർക്ക് സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കുക, ജോലിസമയം പുനക്രമീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.

എയിംസിൽ മാത്രം ഇരുന്നൂറിലധികം ആരോഗ്യപ്രവർത്തകർ രോഗികളായ സാഹചര്യത്തിലാണ് നഴ്‌സുമാർ സമരം ആരംഭിച്ചത്. മതിയായ സുരക്ഷ ഉറപ്പു വരുത്തുക, പിപിഇ കിറ്റുകൾ ധരിച്ചുള്ള ജോലി സമയം ആറ് മണിക്കൂറിൽ നിന്ന് നാല് മണിക്കൂറായി കുറയ്ക്കുക, കൊവിഡ് ലക്ഷണമുള്ളവർക്ക് പരിശോധനയും ആംബുലൻസ് സൗകര്യവും ഉറപ്പാക്കുക തുടങ്ങിയ പതിനൊന്ന് ആവശ്യങ്ങളാണ് ഇവർ ഉയർത്തിയത്.

പ്രശ്‌നപരിഹാരം ഉണ്ടായില്ലെങ്കിൽ ജോലി ബഹിഷ്‌കരിക്കുമെന്നും നഴ്‌സുമാർ മുന്നറിയിപ്പ് നൽകിയിരുന്നു. സമരത്തിന്റെ ആദ്യ ദിവസങ്ങളിൽ ചർച്ചക്ക് പോലും എയിംസ് അധികൃതർ തയ്യാറാകാതിരുന്നത് ചർച്ചയായിരുന്നു.

Share this story