ഇന്ത്യയിൽ കൊവിഡ് ഭേദമായവരുടെ നിരക്ക് 49.9 ശതമാനം ആയി ഉയർന്നു

ഇന്ത്യയിൽ കൊവിഡ് ഭേദമായവരുടെ നിരക്ക് 49.9 ശതമാനം ആയി ഉയർന്നു

കുതിച്ചുകയറി രാജ്യത്തെ കൊവിഡ് കേസുകളും മരണവും. പോസിറ്റീവ് കേസുകളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. അതേസമയം, തുടർച്ചയായ നാലാം ദിവസവും രോഗമുക്തരായവരുടെ എണ്ണം ചികിത്സയിൽ ഉള്ളവരേക്കാൾ കൂടുതലായത് ആശ്വാസമായി. രോഗം ഭേദമായവരുടെ നിരക്ക് 49.94 ശതമാനം ആയി ഉയർന്നു.

കൊവിഡ് പരിശോധനകൾ 55 ലക്ഷം കടന്നുവെന്ന് ഐസിഎംആർ അറിയിച്ചു. 24 മണിക്കൂറിനിടെ അഞ്ച് ഐടിബിപി ജവാന്മാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആകെ 224 ജവാന്മാർക്ക് കൊവിഡ് പിടിപ്പെട്ടുവെന്ന് ഐടിബിപി അറിയിച്ചു.

24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 11000ൽ അധികം കൊവിഡ് കേസുകളാണ്. തുടർച്ചയായ മൂന്നാം ദിവസവും മരണം 300 കടന്നു. മൂന്നിലൊന്ന് കേസുകളും റിപ്പോർട്ട് ചെയ്യുന്നത് മഹാരാഷ്ട്രയിൽ നിന്നാണ്.

രാജ്യത്തിന്റെ നെഞ്ചിടിപ്പ് കൂട്ടി ആരോഗ്യ മന്ത്രാലയത്തിന്റെ ഒടുവിലത്തെ കണക്ക് പ്രകാരം രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 308993 ആയി. 8884 പേർ മരിച്ചിട്ടുണ്ട്. കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തിൽ നിന്ന് മൂന്ന് ലക്ഷത്തിലേക്കെത്തിയത് വെറും പത്ത് ദിവസം കൊണ്ടാണ്.

24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 11458 പോസിറ്റീവ് കേസുകളും 386 മരണവുമാണ്. തമിഴ്നാട്ടിൽ കൊവിഡ് ബാധിതർ 42000 കടന്നു. 24 മണിക്കൂറിനിടെ 30 പേർ മരിച്ചതോടെ ആകെ മരണസംഖ്യ 397 ആയി. 1989 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ 42687 ആയി. ചെന്നൈയിൽ മാത്രം കൊവിഡ് കേസുകൾ 30000 കടന്നു. ഗുജറാത്തിൽ 33 മരണവും 517 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു. ആകെ മരണം 1449 ആയി. ആകെ പോസിറ്റീവ് കേസുകൾ 23079 ആണ്.

Share this story