ചൈനീസ് അതിർത്തിയിൽ വീരമൃത്യു വരിച്ചത് 20 സൈനികർ; കൂടുതൽ പേർക്ക് പരുക്കെന്ന് റിപ്പോർട്ടുകൾ

ചൈനീസ് അതിർത്തിയിൽ വീരമൃത്യു വരിച്ചത് 20 സൈനികർ; കൂടുതൽ പേർക്ക് പരുക്കെന്ന് റിപ്പോർട്ടുകൾ

ലഡാക്കിലെ ചൈനീസ് അതിർത്തിയായ ഗാൽവൻ താഴ് വരയിൽ തിങ്കളാഴ്ച രാത്രി ചൈനീസ് സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചത് കേണൽ ഉൾപ്പെടെ 20 ഇന്ത്യൻ സൈനികരെന്ന് കരസേന. ചൈനയുടെ നാൽപ്പതിലേറെ സൈനികരും കൊല്ലപ്പെട്ടതായി ഇന്ത്യൻ കരസേന അവകാശപ്പെടുന്നുണ്ട്. ഇതിൽ സ്ഥിരീകരണമായിട്ടില്ല

132 ഇന്ത്യൻ സൈനികർക്ക് പരുക്കേറ്റതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. അതേസമയം വെടിവെപ്പല്ല നടന്നതെന്നും കല്ലും വടികളും ഉപയോഗിച്ചുള്ള ശാരീരിക ആക്രമണമാണ് നടന്നതെന്നും സൈന്യം വിശദീകരിക്കുന്നു.

പിപി 14 എന്ന ഇന്ത്യൻ പട്രോളിംഗ് സംഘം ഗാൽവൻ താഴ് വരയിലെ 14ാം പോയിന്റിൽ പരിശോധനക്ക് എത്തിയപ്പോഴാണ് ചൈനീസ് പട്ടാളം മുന്നേറിയതായി മനസ്സിലായത്. ഇന്ത്യൻ സംഘത്തിൽ ആളുകൾ കുറവായിരുന്നു. ചൈനീസ് സൈന്യവുമായി ചർച്ച നടത്തുകയും ഇവർ പിൻമാറാമെന്ന് സമ്മതിക്കുകയും ചെയ്തു. തുടർന്ന് ഇരു സംഘങ്ങളും പിരിഞ്ഞു

ഇന്ത്യൻ സംഘം പോയെന്ന് മനസ്സിലാക്കിയതോടെ ചൈനീസ് പട്ടാളം വീണ്ടും ഇതേ പോയിന്റിലേക്ക് വന്നു. ചൈനയുടെ നീക്കം തിരിച്ചറിഞ്ഞ് കൂടുതൽ ഇന്ത്യൻ സൈനികർ സ്ഥലത്ത് എത്തുകയും സംഘർഷമുണ്ടാകുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. സംഘർഷത്തിനിടെ മലയിടുക്കിലേക്കും പുഴയിലേക്കും വീണ് കൂടുതൽ സൈനികർ വീരമൃത്യു വരിച്ചുവെന്നാണ് റിപ്പോർട്ടുകൾ.

Share this story