ലഡാക്ക് സംഘർഷം: പ്രധാനമന്ത്രി സർവകക്ഷി യോഗം വിളിച്ചു

ലഡാക്ക് സംഘർഷം: പ്രധാനമന്ത്രി സർവകക്ഷി യോഗം വിളിച്ചു

ലഡാക്കിലെ ചൈനീസ് അതിർത്തിയായ ഗാൽവൻ താഴ് വരയിലുണ്ടായ സംഘർഷത്തിൽ 20 ജവാൻമാർ വീരമൃത്യു വരിച്ചതിന് പിന്നാലെ വിഷയം ചർച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സർവകക്ഷി യോഗം വിളിച്ചു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിക്കാണ് യോഗം ചേരുന്നത്.

കൊവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ വീഡിയോ കോൺഫറൻസ് വഴിയാകും യോഗം ചേരുക. എല്ലാ പാർട്ടികളുടെയും ദേശീയ അധ്യക്ഷൻമാരെ യോഗത്തിലേക്ക് ക്ഷണിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

അതേസമയം ലഡാക്ക് സംഘർഷം സംബന്ധിച്ച് കേന്ദ്രസർക്കാർ ഇതുവരെ യാതൊരു വിശദീകരണവും നൽകിയിട്ടില്ല. വീരമൃത്യു വരിച്ച ജവാൻമാർക്ക് ആദരാഞ്ജലി അർപ്പിച്ചു പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ചെയ്ത ട്വീറ്റ് മാത്രമാണ് ഔദ്യോഗികമായി ഇതുവരെ പുറത്തുവന്നിരിക്കുന്നത്.

അതിർത്തിയിൽ സംഘർഷമുണ്ടായതായും ചൈന അതിർത്തി ലംഘിച്ചതായും കരസേന രാവിലെ അറിയിച്ചിരുന്നു. സംഘർഷത്തെ തുടർന്ന് ചൈനയുമായി അതിർത്തി പങ്കിടുന്ന മുഴുവൻ ജില്ലകളിലും അതീവ ജാഗ്രത പ്രഖ്യാപിച്ചു

Share this story