ചെന്നൈയിൽ കൊവിഡ് രോഗികൾക്കൊപ്പം മൃതദേഹവും; ഞെട്ടിക്കുന്ന കാഴ്ച സ്റ്റാൻലി മെഡിക്കൽ കോളജിൽ നിന്ന്

ചെന്നൈയിൽ കൊവിഡ് രോഗികൾക്കൊപ്പം മൃതദേഹവും; ഞെട്ടിക്കുന്ന കാഴ്ച സ്റ്റാൻലി മെഡിക്കൽ കോളജിൽ നിന്ന്

ചെന്നൈയിൽ കൊവിഡ് രോഗികൾക്കൊപ്പം കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹവും മണിക്കൂറുകളോളം സൂക്ഷിച്ചു. സ്റ്റാൻലി മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സംഭവം. മുപ്പതോളം കൊവിഡ് രോഗികൾ ചികിത്സയിൽ കഴിയുന്ന വാർഡിലാണ് സുരക്ഷാ മുൻകരുതലൊന്നും കൂടാതെ മൃതദേഹം സൂക്ഷിച്ചത്. ഇതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവന്നതോടെ തമിഴ്‌നാട് ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു

തിങ്കളാഴ്ച രാവിലെ എട്ട് മണിക്കാണ് ചെന്നൈ സ്വദേശിയായ 54കാരൻ മരിച്ചത്. എന്നാൽ എട്ട് മണിക്കൂറുകൾക്ക് ശേഷമാണ് ഇയാളുടെ മൃതദേഹം വാർഡിൽ നിന്ന് മാറ്റിയത്. അതുവരെ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് മറ്റ് രോഗികൾക്കൊപ്പം തന്നെ മൃതദേഹം സൂക്ഷിക്കുകയായിരുന്നു.

സംഭവം വിവാദമായതോടെ ആശുപത്രി അധികൃതർ വിശദീകരണവുമായി എത്തി. സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നുവെന്നാണ് ഇവർ പറയുന്നത്. രോഗികൾക്കും മൃതദേഹത്തിനുമിടയിൽ സ്‌ക്രീൻ വെച്ച് മറച്ചിരുന്നുവെന്നും ഇവർ പറയുന്നു. എന്നാൽ പുറത്തുവന്ന ചിത്രങ്ങളിലൊന്നും അത് കാണാനില്ല. രണ്ട് മണിക്കൂറിനുള്ളിൽ തന്നെ മൃതദേഹം മാറ്റിയെന്നും ആശുപത്രി പറയുന്നു

എന്നാൽ വാർഡിലുള്ള രോഗികൾ തന്നെ ഇതിനെ തള്ളിക്കളയുന്നു. സംഭവത്തിൽ വിദഗ്ധ സമിതി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share this story