സൈനിക തല ചർച്ചകൾ പരാജയപ്പെട്ടു; ഇന്ത്യ-ചൈന അതിർത്തിയിൽ സംഘർഷസാധ്യത ഒഴിയുന്നില്ല

സൈനിക തല ചർച്ചകൾ പരാജയപ്പെട്ടു; ഇന്ത്യ-ചൈന അതിർത്തിയിൽ സംഘർഷസാധ്യത ഒഴിയുന്നില്ല

അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഗാൽവൻ താഴ് വരയിൽ ഇന്ത്യയും ചൈനയും തമ്മിൽ നടന്ന മേജർതല ചർച്ചകളും ധാരണയാകാതെ പിരിഞ്ഞു. മേഖലയിൽ നിന്ന് സേനാ പിൻമാറ്റം നടക്കുമെന്ന് വ്യക്തമാക്കിയെങ്കിലും നിലവിലുള്ള ഇടങ്ങളിൽ നിന്ന് ഇന്ത്യയുടെയും ചൈനയുടെയും സേനാംഗങ്ങൾ പിൻമാറിയിട്ടില്ല

വരും ദിവസങ്ങളിലും പ്രശ്‌നപരിഹാരത്തിനായുള്ള ചർച്ചകൾ നടക്കുമെന്നാണ് അറിയുന്നത്. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇന്നലെ ചൈനീസ് വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. മേഖലയിലുണ്ടായ അപ്രതീക്ഷിത സംഭവം രണ്ട് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ഗുരുതരമായി ബാധിക്കുമെന്ന് എസ് ജയശങ്കർ മുന്നറിയിപ്പ് നൽകി.

നടന്നത് ആസൂത്രിതമായ ആക്രമണമാണെന്നും ചൈനക്ക് മാത്രമാണ് ഉത്തരവാദിത്വമെന്നും ഇന്ത്യ നിലപാട് എടുത്തു. എന്നാൽ ആരാണ് അതിർത്തി ലംഘിച്ചതെന്ന് ഇന്ത്യ വിശദമായ അന്വേഷണം നടത്തണം. അവർക്കെതിരെ നടപടി വേണം. മുൻനിരയിലെ സൈനിക ട്രൂപ്പുകളെ നിയന്ത്രിക്കണം എന്നുമാണ് ചർച്ചക്ക് ശേഷം ചൈന പുറത്തിറക്കിയ വാർത്താക്കുറിപ്പ്

നിലവിൽ അതിർത്തിയിലെ എല്ലാ ബേസ് ക്യാമ്പുകളിലും അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. കരസേനാ, വ്യോമസേനാ താവളങ്ങളും ജാഗ്രതയിലാണ്. ചൈനീസ് നാവിക സേന പട്രോളിംഗ് നടത്തുന്ന ഇന്ത്യൻ മഹാസമുദ്രത്തിലെ മേഖലയിലും ഇന്ത്യൻ നാവിക സേന സജ്ജമാണ്.

അരുണാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ്, ലഡാക്ക് എന്നിവിടങ്ങളിലെ ലൈൻ ഓഫ് കൺട്രോളിന് സമീപം അധിക സൈനിക വിന്യാസം നടത്തും. അതിർത്തി ജില്ലകളിലും സൈനിക സാന്നിധ്യം ശക്തമാക്കിയിട്ടുണ്ട്.

തിങ്കളാഴ്ച രാത്രി നടന്ന സംഘർഷത്തിൽ 20 ജവാൻമാർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. 18 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ നാല് ജവാൻമാരുടെ നില അതീവ ഗുരുതരമെന്നാണ് റിപ്പോർട്ടുകൾ

Share this story