പലഹാരത്തെ ചൊല്ലി തർക്കം; വരനും കൂട്ടരും ചേർന്ന് വധുവിന്റെ 9 വയസ്സുകാരൻ സഹോദരനെ കൊലപ്പെടുത്തി

പലഹാരത്തെ ചൊല്ലി തർക്കം; വരനും കൂട്ടരും ചേർന്ന് വധുവിന്റെ 9 വയസ്സുകാരൻ സഹോദരനെ കൊലപ്പെടുത്തി

വിവാഹത്തിന് വിളമ്പിയ മധുര പലഹാരത്തെ ചൊല്ലിയുള്ള തർക്കം കല്യാണ വീട്ടിൽ കൊലപാതകത്തിൽ കലാശിച്ചു. ഉത്തർപ്രദേശിലെ ഷംഷാബാദിലാണ് സംഭവം. രണ്ട് സ്ത്രീകളടക്കം മൂന്ന് പേർക്ക് സംഘർഷത്തിൽ പരുക്കേൽക്കുകയും ചെയ്തു.

വരനും കൂട്ടരും ചേർന്ന് വധുവിന്റെ ഒമ്പത് വയസ്സുള്ള സഹോദരനെ കാറിൽ കയറ്റിക്കൊണ്ടുപോയി കൊലപ്പെടുത്തി ഉപേക്ഷിക്കുകയായിരുന്നു. വിവാഹ ചടങ്ങുകൾക്ക ശേഷം നടന്ന വിരുന്നിനിടെയാണ് പ്രശ്‌നമുണ്ടായത്. മധുര പലഹാരത്തെ ചൊല്ലി തർക്കം ഉടലെടുക്കുകയും പിന്നീട് അടിപിടിയിൽ എത്തുകയുമായിരുന്നു

വരനായ മനോജ് കുമാറും സുഹൃത്തുക്കളും ചേർന്ന് വധുവിന്റെ ഇളയ സഹോദരനെ കാറിൽ എടുത്തിട്ട് വാഹനം ഓടിച്ചു പോകുകയായിരുന്നു. തടയാൻ ശ്രമിക്കുന്നതിനിടെ മൂന്ന് പേരെ ഇടിച്ചു തെറിപ്പിക്കുകയും ചെയ്തു. ഗ്രാമത്തിലെ മറ്റൊരിടത്താണ് ഒമ്പതുവയസ്സുകാരന്റെ മൃതദേഹം കണ്ടെത്തിയത്. മുഖം വികൃതമാക്കിയ നിലയിലായിരുന്നു.

വരന്റെ സുഹൃത്തുക്കൾ തങ്ങൾക്ക് നേരെ വെടിയുതിർത്തതായും വധുവിന്റെ മൂത്ത സഹോദരൻ പുനീത് പറയുന്നു. സംഭവത്തിൽ വധുവിന്റെ പിതാവിന്റെ പരാതിയിൽ പോലീസ് കേസെടുത്തു. കാറിടിച്ച് പരുക്കേറ്റ ഒരു യുവാവിന്റെ നില അതീവ ഗുരുതരമാണ്. വരൻ മനോജ് കുമാറും സുഹൃത്തുക്കളും ഒളിവിലാണ്.

Share this story