തെറ്റായ വിവരങ്ങൾ നൽകരുത്, ചൈനയുടെ ഭീഷണിക്ക് മുന്നിൽ കീഴടങ്ങരുത്; മോദിയോട് മൻമോഹൻ സിംഗ്

തെറ്റായ വിവരങ്ങൾ നൽകരുത്, ചൈനയുടെ ഭീഷണിക്ക് മുന്നിൽ കീഴടങ്ങരുത്; മോദിയോട് മൻമോഹൻ സിംഗ്

ഇന്ത്യ-ചൈന സംഘർഷത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്. പ്രധാനമന്ത്രി മോദി വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം. രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ രാജ്യതാത്പര്യം എപ്പോഴും വേണം. തെറ്റായ വിവരങ്ങൾ നൽകുന്നത് നയതന്ത്രത്തിന് പകരമാകില്ല

ചൈനയുടെ ഭീഷണിക്ക് മുന്നിൽ കീഴടങ്ങരുത്. നിലവിലെ പ്രതിസന്ധി വലുതാക്കരുതെന്നും മൻമോഹൻ സിംഗ് പറഞ്ഞു. രാജ്യത്തിന് വേണ്ടി ജീവൻ നൽകിയ ജവാൻമാർക്ക് നീതി ഉറപ്പാക്കുന്നതിന് വേണ്ടി പ്രധാനമന്ത്രിയും സർക്കാരും ഉണർന്ന് പ്രവർത്തിക്കണം. പ്രധാനമന്ത്രിയുടെ വാക്കുകളെടുത്ത് ചൈനയെ തങ്ങളുടെ ഭാഗം ന്യായീകരിക്കാൻ അനുവദിക്കരുത്.

അതിർത്തിയിൽ വിട്ടുവീഴ്ചയുണ്ടാകരുത്. സർക്കാരിന്റെ എല്ലാ മന്ത്രാലയങ്ങളും ഈ വിഷയം ഒരേ രീതിയിൽ കൈകാര്യം ചെയ്യണം. പല രീതിയിൽ സംസാരിക്കുന്നത് രാജ്യതാത്പര്യത്തിന് ചേർന്നതല്ല.

ഇന്ത്യയുടെ മണ്ണിൽ ആരും അതിക്രമിച്ച് കയറിയിട്ടില്ലെന്ന മോദിയുടെ വാക്കുകൾ വിവാദമായിരുന്നു. ചൈന അതിക്രമിച്ച് കയറിയില്ലെങ്കിൽ സംഘർഷമെങ്ങനെ ഉണ്ടായെന്നും സൈനികർ കൊല്ലപ്പെടാനുള്ള കാരണമെന്താണെന്നും പ്രതിപക്ഷ പാർട്ടികൾ ചോദിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മൻമോഹൻ സിംഗിന്റെ വിമർശനം.

Share this story