യുപിയിൽ സർക്കാർ അഭയകേന്ദ്രത്തിലെ 57 പെൺകുട്ടികൾക്ക് കൊവിഡ്, ഇതിൽ അഞ്ച് പേർ ഗർഭിണികൾ; ഒരാൾ എച്ച് ഐ വി പോസിറ്റീവ്

യുപിയിൽ സർക്കാർ അഭയകേന്ദ്രത്തിലെ 57 പെൺകുട്ടികൾക്ക് കൊവിഡ്, ഇതിൽ അഞ്ച് പേർ ഗർഭിണികൾ; ഒരാൾ എച്ച് ഐ വി പോസിറ്റീവ്

ഉത്തർപ്രദേശിൽ നിന്നും രാജ്യത്തെ നടുക്കുന്ന മറ്റൊരു വാർത്ത. സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന അഭയ കേന്ദ്രത്തിലെ 57 പെൺകുട്ടികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ച പെൺകുട്ടികളിൽ അഞ്ച് പേർ ഗർഭിണികളാണ്. ഇതിൽ രണ്ട് പേർ പ്രായപൂർത്തിയാകാത്തവരും. ഗർഭിണികളിൽ ഒരാൾ എച്ച് ഐ വി പോസിറ്റീവാണെന്നും തെളിഞ്ഞിട്ടുണ്ട്

57 കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി. സ്ഥാപനത്തിലെ മറ്റ് അന്തേവാസികളെയും ജീവനക്കാരെയും ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. അഭയകേന്ദ്രം താത്കാലികമായി അടച്ചു പൂട്ടി. അഭയകേന്ദ്രത്തിലെ ഒരു യുവതിക്ക് ഒരാഴ്ച മുമ്പ് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്നാണ് കൂടുതൽ പരിശോധന നടത്തിയത്.

ജൂൺ 18ന് 33 പേർക്കും അടുത്ത രണ്ട് ദിവസങ്ങളിലായി എട്ട് പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. ആഗ്ര, എട്ടാ, കനൗജ്, ഫിറോസാബാദ്, കാൺപൂർ എന്നിവിടങ്ങളിലെ ശിശുക്ഷേമ സമിതികളിൽ നിന്നെത്തിയവരാണ് ഗർഭിണികളായ അഞ്ച് പെൺകുട്ടികളുമെന്ന് കാൺപൂർ ജില്ലാ മജിസ്‌ട്രേറ്റ് ബ്രഹ്മദേവ് തിവാരി പറഞ്ഞു. അതേസമയം കൊവിഡ് പരിശോധനക്കിടെയാണ് രണ്ട് കുട്ടികൾക്ക് ഗർഭം സ്ഥിരീകരിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.

Share this story