പ്രകോപനം തുടര്‍ന്ന് നേപ്പാള്‍: ബീഹാറിലെ അണക്കെട്ട് നിര്‍മാണം തടഞ്ഞു; കേന്ദ്രം ഇടപെടണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി

പ്രകോപനം തുടര്‍ന്ന് നേപ്പാള്‍: ബീഹാറിലെ അണക്കെട്ട് നിര്‍മാണം തടഞ്ഞു; കേന്ദ്രം ഇടപെടണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി

ഇന്ത്യന്‍ മേഖലകളില്‍ അവകാശവാദം ഉന്നയിക്കുകയും ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ ഭൂപടം തയ്യാറാക്കുകയും ചെയ്തതിന് പിന്നാലെ പ്രകോപനം തുടര്‍ന്ന് നേപ്പാള്‍. ബീഹാറിലെ ഗണ്ഡക് ഡാമിന്റെ നിര്‍മാണം നേപ്പാള്‍ തടഞ്ഞു. ബീഹാര്‍ ജലവിഭവ വകുപ്പ് മന്ത്രി സഞ്ജയ് ഝായാണ് ഇക്കാര്യം അറിയിച്ചത്.

അതിര്‍ത്തിയിലെ ലാല്‍ബക്യ നദിയിലെ ജലനിരപ്പ് ഉയരുന്നത് ബീഹാറില്‍ പ്രളയസാധ്യത വര്‍ധിപ്പിക്കും. ഇത് മുന്നില്‍ക്കണ്ട് നടത്തിയ അറ്റകുറ്റപ്പണിയാണ് നേപ്പാള്‍ അതിര്‍ത്തി രക്ഷാ സേന തടഞ്ഞത്. ഇതാദ്യമായാണ് ഇങ്ങനെയൊരു നടപടി നേപ്പാളിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് സഞ്ജയ് ഝാ പറഞ്ഞു

വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും വിദേശകാര്യ മന്ത്രാലയത്തെ ബന്ധപ്പെട്ടതായും മന്ത്രി അറിയിച്ചു. തുടര്‍ച്ചയായി നേപ്പാളിന്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായിട്ടും കേന്ദ്രം ഇതിലൊരു പ്രതികരണം നടത്തിയിട്ടില്ല. പുതിയ ഭൂപടം ഇറക്കിയതിന് പിന്നാലെ കാലാപാനി അതിര്‍ത്തിയില്‍ നേപ്പാള്‍ സൈനിക ക്യാമ്പുകള്‍ നിര്‍മിക്കാനൊരുങ്ങുന്നതായും വാര്‍ത്തകള്‍ വന്നിരുന്നു. ചൈനയുടെ പിന്‍ബലത്തിലാണ് നേപ്പാള്‍ പ്രകോപനമുണ്ടാക്കുന്നതെന്നാണ് വിലയിരുത്തുന്നത്.

Share this story