പ്രവാസികൾക്ക് ട്രൂനാറ്റ് പരിശോധന ഏർപ്പെടുത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി

പ്രവാസികൾക്ക് ട്രൂനാറ്റ് പരിശോധന ഏർപ്പെടുത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി

പ്രവാസികളെ മടക്കി കൊണ്ടുവരുന്നതിന് മുമ്പായി ട്രൂനാറ്റ് റാപിഡ് ടെസ്റ്റ് സംവിധാനം ഏർപ്പെടുത്തണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രസർക്കാർ തള്ളി. അപ്രായോഗികമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ചീഫ് സെക്രട്ടറിയെ വിവരം അറിയിച്ചത്.

എംബസികളുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് കേന്ദ്ര വിദേശ കാര്യ മന്ത്രാലയം പറയുന്നു. ട്രൂനാറ്റ് പരിശോധന അംഗീകരിക്കപ്പെട്ടിട്ടില്ലെന്ന് ഗൾഫ് രാജ്യങ്ങൾ വ്യക്തമാക്കിയതായി മന്ത്രാലയത്തിന്റെ കത്തിൽ പറയുന്നു. ഓരോ രാജ്യങ്ങൾക്കും ഇക്കാര്യത്തിലുള്ള നിലപാട് മന്ത്രാലയം കത്തിൽ വിശദീകരിക്കുന്നുണ്ട്.

നിലവിൽ റാപിഡ് ആന്റി ബോഡി ടെസ്റ്റ് നടത്തുന്നുണ്ടെന്ന് യുഎഇ പറയുന്നു. പക്ഷേ ട്രൂനാറ്റ് പരിശോധനയില്ല. കൊവിഡ് ബാധിതനായ ഒരാളെ വിമാനത്തിൽ കയറാൻ അനുവദിക്കില്ലെന്നാണ് യുഎഇയിലെ നിയമം. അതിനാൽ കൊവിഡ് സ്ഥിരീകരിച്ച പ്രവാസികൾക്കായി പ്രത്യേക വിമാനം അനുവദിക്കില്ലെന്നും യുഎഇ പറയുന്നു

ആവശ്യമെങ്കിൽ ഇന്ത്യയിലേക്കുള്ള യാത്രക്കാർക്ക് പരിശോധന നടത്താമെന്ന് കുവൈത്ത് അറിയിച്ചു. എന്നാൽ ചെലവ് യാത്രക്കാർ വഹിക്കണം. ബഹ്‌റൈനും സൗദിയും ട്രൂനാറ്റ് അപ്രായോഗികമാണെന്ന് അറിയിച്ചിട്ടുണ്ട്.

Share this story