ബലപ്രയോഗത്തിന് ചൈന ശ്രമിച്ചാൽ ഗുരുതര പ്രത്യാഘാതങ്ങൾ ചൈന നേരിടേണ്ടി വരുമെന്ന് ഇന്ത്യ

ബലപ്രയോഗത്തിന് ചൈന ശ്രമിച്ചാൽ ഗുരുതര പ്രത്യാഘാതങ്ങൾ ചൈന നേരിടേണ്ടി വരുമെന്ന് ഇന്ത്യ

അതിർത്തിയിൽ നിലവിലെ സ്ഥിതിഗതികളിൽ ബലപ്രയോഗത്തിലൂടെ മാറ്റം വരുത്താനാണ് ശ്രമമെങ്കിൽ ചൈന ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവ വരുമെന്ന് ഇന്ത്യയുടെ മുന്നറിയിപ്പ്. അതിർത്തിയിൽ നിലനിന്നിരുന്ന സമാധാനത്തെ തകർക്കുക മാത്രമല്ല വിശാലമായ ഉഭയകക്ഷി ബന്ധത്തിലും അത് പ്രത്യാഘാതമുണ്ടാക്കും. കിഴക്കൻ ലഡാക്കിലെ നിർമാണ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

നിലവിലെ സ്ഥിതി തുടരുന്നതാണ് കഴിക്കൻ ലഡാക്കിലെ സംഘർഷം ഒഴിവാക്കുന്നതിനുള്ള ഏക മാർഗം. ചൈനീസ് സൈന്യത്തിന്റെ നടപടികൾ ഉഭയകക്ഷി ബന്ധത്തിന്റെ വിശ്വാസ്യതക്ക് വിള്ളൽ വീഴ്ത്തി. ബന്ധം ഏത് ദിശയിലേക്ക് നീങ്ങണമെന്ന് തീരുമാനിക്കേണ്ടത് ചൈനയുടെ ഉത്തരവാദിത്വമാണ്. അതിർത്തിയിൽ ശാന്തി നിലനിൽക്കാതെ ഇന്ത്യ-ചൈന ഉഭയകക്ഷി ബന്ധത്തിൽ പുരോഗതിയുണ്ടാകില്ലെന്ന് ചൈനയിലെ ഇന്ത്യൻ അംബാസിഡർ വിക്രം മിസ്രി പിടിഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു

ഏപ്രിൽ, മെയ് മാസങ്ങളിൽ നിയന്ത്രണ രേഖക്ക് സമീപമായി നിരവധി ചൈനീസ് നടപടികൾ ഉണ്ടായിട്ടുണ്ട്. ഇത് ഇന്ത്യൻ സൈന്യത്തിന്റെ പട്രോളിംഗിനെ തടസ്സപ്പെടുത്തി. സംഘർഷത്തിലേക്ക് നയിക്കാൻ കാരണവും ഇതാണ്. സൈനികതലത്തിൽ ഉൾപ്പെടെയുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. നിലവിലെ സാഹചര്യത്തിന്റെ തീവ്രത കുറയ്‌ക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമാണെന്ന് ചൈന തിരിച്ചറിയുമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്നും മിസ്ത്രി പറഞ്ഞു.

Share this story