വിവാഹത്തില്‍ പങ്കെടുത്ത 113 പേര്‍ക്ക് കൊവിഡ്, വരന്‍ മരിച്ചു; വരന്റെ പിതാവിനെതിരെ കേസെടുത്തു

വിവാഹത്തില്‍ പങ്കെടുത്ത 113 പേര്‍ക്ക് കൊവിഡ്, വരന്‍ മരിച്ചു; വരന്റെ പിതാവിനെതിരെ കേസെടുത്തു

ബീഹാറിലെ പട്‌നയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ വിവാഹം നടത്തുകയും വരന്‍ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്ത സംഭവത്തില്‍ വരന്റെ പിതാവിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. വിവാഹത്തില്‍ പങ്കെടുത്ത 113 പേര്‍ക്കാണ് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്.

വരന്റെ പിതാവായ അംബിക ചൗധരി എന്നയാള്‍ക്കെതിരെയാണ് കേസെടുത്തത്. ദീഹ് പാലി ഗ്രാമത്തില്‍ ജൂണ്‍ 15നായിരുന്നു വിവാഹം. സാമൂഹ്യ അകലം പാലിക്കാതെയും മാസ്‌ക് ധരിക്കാതെയുമാണ് അതിഥികള്‍ ചടങ്ങില്‍ പങ്കെടുത്തത്.

കടുത്ത പനിയെ തുടര്‍ന്ന് വിവാഹം നീട്ടിവെക്കാന്‍ വരന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബന്ധുക്കള്‍ ഇതിന് വഴങ്ങിയില്ല. വിവാഹത്തിന് രണ്ട് ദിവസത്തിന് ശേഷം വരന്റെ അവസ്ഥ ഗുരുതരമാകുകയും എയിംസില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. തുടര്‍ന്നാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചടങ്ങില്‍ പങ്കെടുത്തവരെ പരിശോധനക്ക് വിധേയമാക്കിയതോടെയാണ് 113 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

Share this story