പരുക്ക് പറ്റിയ സൈനികരെ പ്രധാനമന്ത്രി സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ദൗര്‍ഭാഗ്യകരമെന്ന് കരസേന

പരുക്ക് പറ്റിയ സൈനികരെ പ്രധാനമന്ത്രി സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ദൗര്‍ഭാഗ്യകരമെന്ന് കരസേന

അതിര്‍ത്തി സംഘര്‍ഷത്തില്‍ പരുക്കേറ്റ സൈനികരെ ലേയിലെ ആശുപത്രിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ വിശദീകരണവുമായി കരസേന. പ്രധാനമന്ത്രി സന്ദര്‍ശിച്ച ചികിത്സാ കേന്ദ്രവുമായി ബന്ധപ്പെട്ട് ചില കോണുകളില്‍ നിന്നുയരുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും അപകീര്‍ത്തികരവുമാണ്.

സൈനികര്‍ക്ക് നല്‍കുന്ന ചികിത്സ സംബന്ധിച്ച ഉയര്‍ന്ന് പ്രചാരണങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. സായുധ സേനാംഗങ്ങള്‍ക്ക് മികച്ച ചികിത്സയാണ് നല്‍കുന്നതെന്നും കരസേന വിശദീകരിച്ചു. പ്രത്യേകമായി സജ്ജീകരിച്ച സ്ഥലത്താണ് പരുക്കേറ്റ സൈനികര്‍ക്ക് ചികിത്സ നല്‍കുന്നത്. ലേയിലെ ജനറല്‍ ആശുപത്രി കോംപ്ലക്‌സിന്റെ ഭാഗമാണിത്.

ആശുപത്രിയിലെ ചില വാര്‍ഡുകള്‍ കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ഐസോലേഷന്‍ വാര്‍ഡുകളായി മാറ്റിയിരുന്നു. ഇതുകൊണ്ടാണ് പരിശീലന ഹാളായി ഉപയോഗിച്ചിരുന്ന കേന്ദ്രം സൈനികരുടെ ചികിത്സക്കായി സജ്ജീകരിച്ചതെന്നും കരസേന വിശദീകരിച്ചു

കരസേന മേധാവിയും കമാന്‍ഡര്‍മാരും പരുക്കേറ്റ സൈനികരെ ഇവിടെ തന്നെ വെച്ചാണ് കണ്ടതെന്നും കരസേന അറിയിച്ചു. വെള്ളിയാഴ്ചയാണ് മോദി ലേയില്‍ എത്തിയത്.

Share this story