പ്രശ്‌നപരിഹാരമാകുന്നു; അജിത് ഡോവലും ചൈനീസ് വിദേശകാര്യ മന്ത്രിയും ചര്‍ച്ച നടത്തി

പ്രശ്‌നപരിഹാരമാകുന്നു; അജിത് ഡോവലും ചൈനീസ് വിദേശകാര്യ മന്ത്രിയും ചര്‍ച്ച നടത്തി

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ പ്രശ്‌നപരിഹാരമാകുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യ മന്ത്രിയും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ സമവായമുണ്ടായതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

യഥാര്‍ഥ നിയന്ത്രണരേഖയില്‍ മാറ്റത്തിന് ഏകപക്ഷീയമായ നടപടികള്‍ പാടില്ലെന്ന് ധാരണയായി. അതിര്‍ത്തി തര്‍ക്കം തീര്‍ക്കാന്‍ ചര്‍ച്ചകള്‍ തുടരും. സേനകള്‍ക്കിടയിലെ സംഭാഷണം തുടരാനും തീരുമാനമായി. ജൂലൈ അഞ്ചിനാണ് അജിത് ഡോവലും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മില്‍ ടെലഫോണില്‍ ചര്‍ച്ച നടത്തിയത്.

പ്രദേശത്തെ സമാധാനത്തെ ബാധിക്കുന്ന നീക്കങ്ങള്‍ ഇരുവിഭാഗങ്ങളുടെയും ഭാഗത്ത് നിന്നുണ്ടാകില്ല. ഭാവിയിലും ഇരുപ്രതിനിധികളും തമ്മില്‍ ചര്‍ച്ച തുടരും. ഗാല്‍വാന്‍ അടക്കമുള്ള അതിര്‍ത്തി മേഖലകളില്‍ നിന്ന് ചൈനീസ് സൈന്യം പിന്‍മാറി തുടങ്ങിയതായി രാവിലെ വാര്‍ത്തകള്‍ വന്നിരുന്നു.

ഗാല്‍വാനില്‍ നിര്‍മിച്ച താത്കാലിക ടെന്റുകളും ചൈനീസ് സൈന്യം പൊളിച്ചുനീക്കി. സൈനിക കമാന്‍ഡര്‍തലത്തില്‍ നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് സേനാ പിന്‍മാറ്റം.

Share this story