സച്ചിന്‍ പൈലറ്റും കോണ്‍ഗ്രസ് വിടുമോ?; വിശ്വസ്തരായ എംഎല്‍എമാര്‍ക്കൊപ്പം ഡല്‍ഹിയില്‍

സച്ചിന്‍ പൈലറ്റും കോണ്‍ഗ്രസ് വിടുമോ?; വിശ്വസ്തരായ എംഎല്‍എമാര്‍ക്കൊപ്പം ഡല്‍ഹിയില്‍

മധ്യപ്രദേശ് പ്രതിസന്ധി രാജസ്ഥാനിലും ആവര്‍ത്തിക്കുന്ന സൂചന നല്‍കി സച്ചിന്‍ പൈലറ്റ്. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായുള്ള അഭിപ്രായ വ്യത്യാസം വലിയ തര്‍ക്കങ്ങളിലേക്ക് വഴിവെച്ചതോടെ സച്ചിന്‍ ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങളും ശക്തമായി. തന്റെ വിശ്വസ്തരായ എംഎല്‍എമാര്‍ക്കൊപ്പം സച്ചിന്‍ പൈലറ്റ് ഡല്‍ഹിയില്‍ എത്തി.

കഴിഞ്ഞ ദിവസം മുതിര്‍ന്ന നേതാവ് അഹമ്മദ് പട്ടേലുമായി കൂടിക്കാഴ്ച നടത്തിയ സച്ചിന്‍ പൈലറ്റ് ഇന്ന് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. തനിക്കൊപ്പം 23 എംഎല്‍എമാരുണ്ടെന്നാണ് സച്ചിന്‍ പൈലറ്റ് അവകാശപ്പെടുന്നത്. അതേസമയം സച്ചിനോട് ക്ഷമ കാണിക്കണമെന്നും പാര്‍ട്ടി വിടരുതെന്നുമുള്ള അഭ്യര്‍ഥന നേതാക്കാള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.

ബിജെപി നേതൃത്വവുമായി സച്ചിന്‍ ആശയവിനിമയം നടത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. 200 അംഗ രാജസ്ഥാന്‍ നിയമസഭയില്‍ 107 പേരാണ് കോണ്‍ഗ്രസിനുള്ളത്. കൂടാതെ 12 സ്വതന്ത്രന്‍മാരുടെയും ആര്‍ എല്‍ ഡി, സിപിഎം, ബി ടി പി എന്നീ പാര്‍ട്ടികളില്‍ നിന്നുള്ള അഞ്ച് എംഎല്‍എമാരുടെ പിന്തുണയും കോണ്‍ഗ്രസിനുണ്ട്

സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സച്ചിന്‍ പൈലറ്റ് ഒരുങ്ങുന്നുവെന്നാണ് ഗെഹ്ലോട്ട് ക്യാമ്പ് ആരോപിക്കുന്നത്. ലോക്ക് ഡൗണ്‍ സമയത്ത് സച്ചിനും ബിജെപി നേതൃത്വവും ചര്‍ച്ച നടത്തിയെന്ന് ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. സച്ചിന് മുഖ്യമന്ത്രി സ്ഥാനം അടക്കം വാഗ്ദാനം നല്‍കി സര്‍ക്കാരിനെ വീഴ്ത്താനാണ് ബിജെപി ശ്രമിക്കുന്നത്.

Share this story