ജമ്മു കശ്മീരില്‍ രണ്ട് ഭീകരരെ കൂടി വധിച്ചു; കൂടുതല്‍ ഭീകരര്‍ക്കായുള്ള തെരച്ചില്‍ തുടര്‍ന്ന് സുരക്ഷാ സേന

ജമ്മു കശ്മീരില്‍ രണ്ട് ഭീകരരെ കൂടി വധിച്ചു; കൂടുതല്‍ ഭീകരര്‍ക്കായുള്ള തെരച്ചില്‍ തുടര്‍ന്ന് സുരക്ഷാ സേന

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ രണ്ട് ഭീകരരെ കൂടി വധിച്ച് സുരക്ഷാ സേന. ബരാമുള്ളയിലെ സോപോറിലുണ്ടായ ഏറ്റുമുട്ടലിലാണ് രണ്ട് ഭീകരരെ കൂടി സുരക്ഷാ സേന വധിച്ചത്. ഇതോടെ സോപോറിലുണ്ടായ ഏറ്റുമുട്ടലുകളില്‍ സുരക്ഷാ സേന വധിച്ച ഭീകരരുടെ എണ്ണം മൂന്നായി.

കൊല്ലപ്പെട്ട ഭീകരരുടെ പക്കല്‍ നിന്നും മാരകായുധങ്ങളും സുപ്രധാന രേഖകളും ഉദ്യോഗസ്ഥര്‍ കണ്ടെടുത്തിട്ടുണ്ട്. ഭീകരരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ആയുധങ്ങളും രേഖകളും വിദഗ്ധര്‍ വിശദമായി പരിശോധിച്ച് വരികയാണെന്ന് ജമ്മു കശ്മീര്‍ പോലീസ് അറിയിച്ചു.

അതേസമയം ഇന്ന് ഉച്ചയ്ക്ക് ഏറ്റുമുട്ടലില്‍ സൈന്യം വധിച്ച ഭീകരനെ തിരിച്ചറിഞ്ഞു. ലഷ്‌കര്‍ ഇ ത്വയ്ബയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഉസ്മാന്‍ എന്ന ഭീകരനാണ് കൊല്ലപ്പെട്ടത്. അടുത്തിടെ സിആര്‍പിഎഫ് ജവാന്‍ വീരമൃത്യവരിക്കുകയും പ്രദേശവാസി മരിക്കുകയും ചെയ്ത ആക്രമണത്തില്‍ ഇയാള്‍ക്കും പങ്കുണ്ട്.

Read Also സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് കൊല്ലം സ്വദേശി, മുങ്ങി മരിച്ച വൃദ്ധക്കും കൊവിഡ് സ്ഥിരീകരിച്ചു https://metrojournalonline.com/kerala/2020/07/12/one-more-covid-death-in-kerala-9.html

ഭീകരര്‍ ഒളിച്ചിരിക്കുന്നതായുള്ള രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് സുരക്ഷാ സേന സോപോറില്‍ തെരച്ചില്‍ ആരംഭിച്ചത്. ജമ്മു കശ്മീര്‍ പോലീസും, 22 രാഷ്ട്രീയ റൈഫിള്‍സും, സിആര്‍പിഎഫും സംയുക്തമായായിരുന്നു പരിശോധന. പരിശോധനയ്ക്കിടെ ഭീകരര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സുരക്ഷാ സേനയും ശക്തമായി തിരിച്ചടിച്ചു.

പ്രദേശത്ത് കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ സേന തെരച്ചില്‍ തുടരുകയാണ്.

Share this story