താനിപ്പോഴും കോണ്‍ഗ്രസുകാരന്‍, ബിജെപിയില്‍ ചേരില്ല; അപമാനിക്കപ്പെട്ടതിനാലാണ് പാര്‍ട്ടി വിട്ടതെന്നും സച്ചിന്‍ പൈലറ്റ്

താനിപ്പോഴും കോണ്‍ഗ്രസുകാരന്‍, ബിജെപിയില്‍ ചേരില്ല; അപമാനിക്കപ്പെട്ടതിനാലാണ് പാര്‍ട്ടി വിട്ടതെന്നും സച്ചിന്‍ പൈലറ്റ്

താന്‍ ഇപ്പോഴും കോണ്‍ഗ്രസ് നേതാവ് തന്നെയാണെന്നും ബിജെപിയില്‍ ചേരില്ലെന്നും സച്ചിന്‍ പൈലറ്റ്. ബിജെപിയുമായി ഒരിക്കലും സഹകരിക്കില്ല. ജനങ്ങള്‍ക്ക് വേണ്ടി തന്നെയായിരിക്കും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളെന്നും ഇന്ത്യാ ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ സച്ചിന്‍ പൈലറ്റ് പറഞ്ഞു.

ബിജെപിയുടെ ഒരു നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ല. ജ്യോതിരാദിത്യ സിന്ധ്യയെ കഴിഞ്ഞ ആറ് മാസത്തിനിടെ കണ്ടിട്ടില്ല. ബിജെപിയുമായി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കള്‍ കള്ളപ്രചാരണം നടത്തുകയാണ്. രാജസ്ഥാനില്‍ ബിജെപിക്കെതിരെ പോരാടി അവരെ പരാജയപ്പെടുത്തിയത് താനാണ്. താനിപ്പോഴും കോണ്‍ഗ്രസില്‍ തന്നെയുണ്ട്. രാജസ്ഥാന്‍ മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള തര്‍ക്കമല്ലിത്. 200ല്‍ 21 സീറ്റ് മാത്രമുള്ള ഘട്ടത്തിലാണ് ഞാന്‍ പാര്‍ട്ടിയുടെ ചുമതല ഏറ്റെടുത്തത്.

ജനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു. അന്നൊന്നും ഗെഹ്ലോട്ടിന്റെ ഭാഗത്ത് നിന്ന് ഒരു ഇടപെടലുമുണ്ടായില്ല. എന്നാല്‍ പാര്‍ട്ടിയുടെ വിജയത്തിന് ശേഷം അദ്ദേഹം മുഖ്യമന്ത്രി പദത്തിനായി അവകാശവാദം ഉന്നയിച്ചു. 1999, 2009ലും രണ്ട് തവണ അദ്ദേഹം മുഖ്യമന്ത്രിയായി. 2003, 2013 തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി 56, 26 സീറ്റുകളില്‍ ഒതുങ്ങി. എന്നിട്ടും അദ്ദേഹത്തിന് മൂന്നാം തവണയും മുഖ്യമന്ത്രി സ്ഥാനം ലഭിച്ചു

2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗെഹ്ലോട്ടിന്റെ സ്വന്തം ബൂത്തില്‍ പോലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വിജയിക്കാന്‍ സാധിച്ചിട്ടില്ല. അതാണ് അദ്ദേഹത്തിന്റെ അനുഭവം. എന്നിട്ടും അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനം ഞാന്‍ അംഗീകരിച്ചു. രാഹുലിന്റെ നിര്‍ബന്ധത്തിലാണ് ഉപമുഖ്യമന്ത്രിയാകാന്‍ ഞാന്‍ സമ്മതിച്ചത്. എന്നാല്‍ എന്നെ മൂലക്കിരുത്താനും അപമാനിക്കാനുമാണ് ഗെഹ്ലോട്ട് ശ്രമിച്ചത്. എന്റെ നിര്‍ദേശങ്ങള്‍ പാലിക്കരുതെന്ന് ബ്യൂറോക്രാറ്റുകളോട് ആവശ്യപ്പെട്ടു

സംസ്ഥാനത്ത് മാസങ്ങളായി മന്ത്രിസഭാ യോഗങ്ങളോ സി എല്‍ പി യോഗങ്ങളോ നടക്കുന്നില്ല. എന്റെ ജനതയോടുള്ള പ്രതിബദ്ധത നിറവേറ്റാന്‍ അനുവദിക്കുന്നില്ലെങ്കില്‍ പിന്നെ ആ സ്ഥാനത്തിന്റെ വിലയെന്താണെന്നും സച്ചിന്‍ പൈലറ്റ് ചോദിക്കുന്നു.

Share this story