കേന്ദ്രമന്ത്രിക്കെതിരെ കേസ്; പൈലറ്റിന് മുന്നില്‍ വാതിലടയുന്നു, 2 വിമതരെ പുറത്താക്കി കോണ്‍ഗ്രസ്

കേന്ദ്രമന്ത്രിക്കെതിരെ കേസ്; പൈലറ്റിന് മുന്നില്‍ വാതിലടയുന്നു, 2 വിമതരെ പുറത്താക്കി കോണ്‍ഗ്രസ്

ജയ്പൂര്‍: രാജസ്ഥാനില്‍ രാഷ്ട്രീയ നാടകം തുടരുമ്പോള്‍ സച്ചിന്‍ പൈലറ്റിനേയും ഒപ്പമുളള വിമത എംഎല്‍എമാരേയും പൂട്ടാനുളള നീക്കം കടുപ്പിച്ച് കോണ്‍ഗ്രസ്. ഇതുവരെയും അനുനയ ശ്രമങ്ങളോട് പച്ചക്കൊടി കാട്ടാത്ത സച്ചിന്‍ പൈലറ്റിനോടും വിമതരോടും ഇനി മൃദുസമീപനം ഇല്ലെന്ന് ഉറപ്പിക്കുന്നതാണ് പുതിയ സംഭവ വികാസങ്ങള്‍.
വിമത പക്ഷത്തെ രണ്ട് എംഎല്‍എമാരെ പുറത്താക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. മാത്രമല്ല കുതിരക്കച്ചവടത്തിന്റെ പേരില്‍ കേന്ദ്ര മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്തിന് എതിരെ കേസും ഫയല്‍ ചെയ്ത് നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. ഇതോടെ പൈലറ്റിന് മുന്നില്‍ കോണ്‍ഗ്രസ് വാതിലടക്കുകയാണെന്ന് വേണം കരുതാന്‍. വിശദാംശങ്ങളിലേക്ക്…

പൈലറ്റിന്റെ അട്ടിമറി നീക്കം

മധ്യപ്രദേശിലേതിന് സമാനമായ രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനേയും അട്ടിമറിക്കാനുളള ശ്രമം ബിജെപി നടത്തുന്നു എന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ആരോപിച്ചതിന് പിന്നാലെയാണ് സച്ചിന്‍ പൈലറ്റും എംഎല്‍എമാരും വിമത നീക്കം നടത്തിയത്. ബിജെപിക്കൊപ്പം ചേര്‍ന്ന് സര്‍ക്കാരിനെ അട്ടിമറിക്കാനാണ് സച്ചിന്‍ പൈലറ്റ് ശ്രമിക്കുന്നത് എന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

എംഎല്‍എമാരെ പുറത്താക്കി

സച്ചിന്‍ പൈലറ്റിനുളള കടുത്ത താക്കീത് എന്ന നിലയ്ക്കാണ് ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നും കോണ്‍ഗ്രസ് നീക്കിയത്. കൂടാതെ വിമത എംഎല്‍എമാരെ അയോഗ്യരാക്കാനുളള നോട്ടീസും നല്‍കിക്കഴിഞ്ഞു. അതിനിടെയാണ് സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാനുളള നീക്കം ആരോപിച്ച് രണ്ട് എംഎല്‍എമാരെ കോണ്‍ഗ്രസ് പുറത്താക്കിയിരിക്കുന്നത്.

കുതിരക്കച്ചവടം നടക്കുന്നു

പൈലറ്റ് പക്ഷത്തുളള കോണ്‍ഗ്രസ് എംഎല്‍എമാരായ ഭന്‍വര്‍ ലാല്‍ ശര്‍മ, വിശ്വേന്ദ്ര സിംഗ് എന്നിവരാണ് പുറത്താക്കപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് മാധ്യമങ്ങളെ കാണുമെന്ന് പറഞ്ഞിരുന്നുവെങ്കിലും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല ആണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിയത്. കുതിരക്കച്ചവടം നടക്കുന്നു എന്നതിന്റെ തെളിവ് വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതക്കള്‍ ഹാജരാക്കി.

ഓഡിയോ ക്ലിപ്പ് വൈറൽ

പുറത്താക്കപ്പെട്ട വിമത എംഎല്‍എ ഭന്‍വര്‍ ലാല്‍ ശര്‍മയുടെ പേരില്‍ ഒരു ഓഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. രാജസ്ഥാന്‍ ബിജെപിയുടെ ചുമതലയുളള കേന്ദ്ര മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്തുമായുളള വിമത എംഎല്‍എയുടെ സംഭാഷണമാണിതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ബിജെപി നേതാവ് സഞ്ജയ് ജെയ്‌നും ഈ സംഭാഷണത്തിലുള്‍പ്പെട്ടിട്ടുണ്ട്.

ബിജെപി നേതാവ് കസ്റ്റഡിയിൽ

ഇത് കുതിരക്കച്ചവടത്തിന് അല്ലെങ്കില്‍ മറ്റെന്തിനാണ് എന്നാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ചോദ്യം. ഓഡിയോ ക്ലിപ്പുകള്‍ വൈറലായതിന് പിന്നാലെയാണ് രണ്ട് വിമത എംഎല്‍എമാരെ കോണ്‍ഗ്രസ് പുറത്താക്കിയിരിക്കുന്നത്. മാത്രമല്ല ബിജെപി നേതാവ് സജ്ഞയ് ജെയിനിനെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ രാജസ്ഥാന്‍ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയുമാണ്.

കേന്ദ്രമന്ത്രിക്കെതിരെ കേസ്

സസ്‌പെന്‍ഡ് ചെയ്ത എംഎല്‍എമാര്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. കുതിരക്കച്ചവടം ആരോപിച്ച് കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ശിഖാവത്തിന് എതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. അതേസമയം ആരോപണം കേന്ദ്ര മന്ത്രി നിഷേധിച്ചിരിക്കുകയാണ്. ഏത് തരത്തിലുളള അന്വേഷണത്തിനും തയ്യാറാണെന്നും മന്ത്രി വ്യക്തമാക്കി.

രണ്ട് പരാതികൾ

ആരോപണ വിധേയരായ സഞ്ജയ് ഝാ, ഭന്‍വര്‍ ലാല്‍ ശര്‍മ എന്നിവരെ അറിയില്ലെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. വിവാദമായ ഓഡിയോ ക്ലിപ്പുമായി ബന്ധപ്പെട്ട് രണ്ട് പരാതിയാണ് പോലീസിന്റെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പിന് ലഭിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് മഹേഷ് ജോഷിയാണ് പരാതിക്കാരന്‍. ഓഡിയോ ക്ലിപ്പിന്റെ ആധികാരികത പോലീസ് പരിശോധിച്ച് കൊണ്ടിരിക്കുകയാണ്.

Share this story