നമ്മള്‍ ദുര്‍ബലരല്ല; ഇന്ത്യയുടെ ഒരിഞ്ച് മണ്ണ് പോലും അവര്‍ കൈക്കലാക്കില്ല: രാജ്‌നാഥ് സിംഗ്

നമ്മള്‍ ദുര്‍ബലരല്ല; ഇന്ത്യയുടെ ഒരിഞ്ച് മണ്ണ് പോലും അവര്‍ കൈക്കലാക്കില്ല: രാജ്‌നാഥ് സിംഗ്

ഇന്ത്യ ദുര്‍ബലമായ രാജ്യമല്ലെന്ന് രാജ്‌നാഥ് സിംഗ്. ലോകത്ത് ഒരുശക്തിക്കും ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും തൊടാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ലഡാക്കില്‍ സുരക്ഷാ പരിശോധനയ്ക്കും സജ്ജീകരണങ്ങളുമായി എത്തിയപ്പോഴായിരുന്നു പ്രതിരോധ മന്ത്രിയുടെ പ്രതികരണം. അദ്ദേഹത്തിനൊപ്പം സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും സൈനിക അധ്യക്ഷന്‍ ജനറല്‍ എംഎം നരവാനെയും ഉണ്ടായിരുന്നു. സ്റ്റാക്‌നയും ലുകുംഗും ഇവര്‍ സന്ദര്‍ശിക്കും. സംഘര്‍ഷ കാര്യത്തില്‍ പലവിവരങ്ങളും അപൂര്‍ണമായിരിക്കും. അതുകൊണ്ട് എല്ലാ വിവരങ്ങളും പറയാന്‍ സാധിക്കില്ല.

അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ ചൈനയുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ അത് പൂര്‍ണമായും പരിഹരിക്കാന്‍ സാധിക്കുമെന്ന കാര്യത്തില്‍ എനിക്ക് ഉറപ്പ് പറയാന്‍ സാധിക്കില്ല. ഒരു കാര്യത്തില്‍ മാത്രം എനിക്ക് ഉറപ്പ് നല്‍കാന്‍ സാധിക്കും. ഒരിഞ്ച് ഭൂമി പോലും ലോകത്തിലെ ഒരുശക്തിക്ക് പോലും ഇന്ത്യയില്‍ നിന്ന് തട്ടിയെടുക്കാനാവില്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. സൈനികരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം ചൈനയുമായുള്ള തര്‍ക്കത്തില്‍ ഒരു പരിഹാരം ചര്‍ച്ചയിലൂടെ കണ്ടെത്താന്‍ സാധിക്കുമെങ്കില്‍ അതായിരിക്കും ഏറ്റവും നല്ല കാര്യം. ഇന്ത്യന്‍ സൈനികരുടെ വീരമൃത്യു പാഴായി പോകാന്‍ രാജ്യം ഒരിക്കലും അനുവദിക്കില്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. നേരത്തെ ജൂലായ് മൂന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അപ്രതീക്ഷിതമായി ലഡാക്ക് സന്ദര്‍ശിച്ചിരുന്നു. എന്ത് വന്നാലും പിന്നോട്ടില്ലെന്നും, വേണ്ടി വന്നാല്‍ ചൈനയ്ക്ക് മറുപടി നല്‍കുമെന്നും മോദി പറഞ്ഞിരുന്നു. ജൂലായ് മൂന്നിനായിരുന്നു രാജ്‌നാഥ് സിംഗ് ലഡാക്ക് സന്ദര്‍ശിക്കേണ്ടിയിരുന്നത്. ഇതാണ് ഇന്നത്തേക്ക് മാറ്റിവെച്ചത്.

ഗല്‍വാനിലെ പ്രശ്‌നങ്ങള്‍ തുടര്‍ന്ന് പ്രതിരോധ മന്ത്രി നടത്തുന്ന ആദ്യ സന്ദര്‍ശനമാണ് ഇത്. സന്ദര്‍ശനത്തിന്റെ ഭാഗമായി സൈനികരുടെ തയ്യാറെടുപ്പുകളും പ്രതിരോധ മന്ത്രി വിലയിരുത്തി. സൈനികര്‍ എങ്ങനെയാണ് വിമാനത്തില്‍ നിന്നും പാരച്യൂട്ടിലൂടെ താഴെ വരുന്നത് എന്നതും, ആയുധങ്ങള്‍ ദുര്‍ഘടമായ മലനിരകളില്‍ എങ്ങനെയാണ് എത്തിക്കുന്നത് എന്നതിന്റെയും പരിശീലനങ്ങളും സൈനിക പ്രദര്‍ശനങ്ങളും പ്രതിരോധ മന്തിരി നേരിട്ട് കണ്ടു. സൈന്യത്തിന്റെ ടി-90 ടാങ്കുകളും സൈനികാഭ്യാസത്തില്‍ പങ്കെടുത്തു.

Share this story