ഹാക്കര്‍മാരുടെ നുഴഞ്ഞു കയറ്റം; ട്വിറ്ററിനോട് വിശദീകരണം ചോദിച്ച് കേന്ദ്രം

ഹാക്കര്‍മാരുടെ നുഴഞ്ഞു കയറ്റം; ട്വിറ്ററിനോട് വിശദീകരണം ചോദിച്ച് കേന്ദ്രം

ഉന്നതരുടെ അക്കൗണ്ടുകളില്‍ ഹാക്കര്‍ നുഴഞ്ഞു കയറി വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്ന ആശങ്കയെ തുടര്‍ന്ന് ട്വിറ്ററിനോട് കേന്ദ്രം വിവരങ്ങള്‍ അന്വേഷിച്ചു.

സമീപകാലത്ത് ഹൈപ്രൊഫൈല്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ട് നടന്ന ഹാക്കിംഗ് വിവരങ്ങള്‍ നല്കണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ ഉപയോക്താക്കളില്‍ എത്രപേരെ ഹാക്കിങ് ബാധിച്ചിട്ടുണ്ടെന്നും എത്രപേരുടെ ഡാറ്റ ഹാക്കിങിലൂടെ നഷ്ടമായിട്ടുണ്ടെന്നും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇന്ത്യ ട്വിറ്ററിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വിവരങ്ങള്‍ നഷ്ടപ്പെടാനുള്ള സാധ്യതയെക്കുറിച്ചും ഇത് തടയാന്‍ ട്വിറ്റര്‍ സ്വീകരിച്ച നടപടികളും കത്തില്‍ ചോദിച്ചിട്ടുണ്ടെങ്കിലും ട്വിറ്ററില്‍ നിന്നും മറുപടി ലഭിച്ചിട്ടില്ല. ആഗോള കോര്‍പ്പറേറ്റ് നേതാക്കള്‍, രാഷ്ട്രീയക്കാര്‍, സെലിബ്രിറ്റികള്‍, ബിസിനസുകാര്‍ തുടങ്ങിയവരുടെ അക്കൗണ്ടുകള്‍ ഹാക്കുചെയ്യുന്നതിന് ട്വിറ്റര്‍ സംവിധാനങ്ങളിലേക്ക് ഹാക്കര്‍മാര്‍ നുഴഞ്ഞു കയറിയെന്ന വിവരത്തെ തുടര്‍ന്ന് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം പ്രവര്‍ത്തനം ശക്തമാക്കി.

ഹാക്കര്‍മാരുടെ നുഴഞ്ഞുകയറ്റത്തിന് വിധേയരായവരെന്ന് കരുതുന്നവര്‍ ചില്ലറക്കാരല്ലെന്നത് വാര്‍ത്തയുടെ ഗൗരവം വര്‍ധിപ്പിക്കുന്നുണ്ട്. യു എസ് മുന്‍ പ്രസിഡന്റ് ബരാക് ഒബാമ, ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍, ആമസോണ്‍ സി ഇ ഒ ജെഫ് ബെസോസ്, മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സ്, ടെസ്ല സി ഇ ഒ എലോണ്‍ എന്നിവരുള്‍പ്പെടെ വലിയ പട്ടികയാണ് നിലവിലുള്ളത്.

Share this story