അതിര്‍ത്തിയില്‍ നേപ്പാള്‍ പൊലീസിന്റെ വെടിയേറ്റ് ഇന്ത്യന്‍ കര്‍ഷകന്‍ ഗുരുതരാവസ്ഥയില്‍

അതിര്‍ത്തിയില്‍ നേപ്പാള്‍ പൊലീസിന്റെ വെടിയേറ്റ് ഇന്ത്യന്‍ കര്‍ഷകന്‍ ഗുരുതരാവസ്ഥയില്‍

ന്യൂഡല്‍ഹി: ഇന്ത്യ- നേപ്പാള്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച മൂന്ന് ഇന്ത്യക്കാര്‍ക്കെതിരെ നേപ്പാള്‍ പൊലീസ് വെടിയുതിര്‍ത്തു. ഒരാള്‍ക്കു പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായി തുടരുകയാണ്.

ഇന്ത്യ- നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ബിഹാറിലെ കിഷന്‍ഗഞ്ചിലാണ് സംഭവം. തോല മാഫി ഗ്രാമത്തില്‍ തന്റെ കന്നുകാലികളെ തേടി പോയ ജിതേന്ദ്ര കുമാര്‍ (25) എന്ന യുവാവിനു നേരെയാണ് പട്ടാളം വെടിവെച്ചത്. ജിതേന്ദ്ര കുമാറിനൊപ്പം സുഹൃത്തുക്കളായ അങ്കിത് കുമാര്‍ സിംഗ്, ഗുല്‍ഷണ്‍ കുമാര്‍ സിംഗ് എന്നിവരുമുണ്ടായിരുന്നു.

ഗ്രാമത്തിനു പുറത്തുള്ള ഫാമിലേക്ക് കടക്കാന്‍ ശ്രമിച്ച യുവാക്കള്‍ക്കു നേരെ അതിര്‍ത്തിയില്‍ നേപ്പാള്‍ പൊലീസ് വെടിവെക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. നേപ്പാള്‍ പൊലീസിന്റെ വെടിയേറ്റ് 22കാരനായ വികേഷ് യാദവ് കഴിഞ്ഞ മാസമാണ് മരിച്ചത്. വികേഷ് അതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച് പൊലീസ് വെടിവെക്കുകയായിരുന്നു.

കഴിഞ്ഞ രണ്ടു മാസത്തിലേറെയായി ഇന്ത്യയും നേപ്പാളും അതിര്‍ത്തിയുമായി ബന്ധപ്പെട്ട് തര്‍ക്കം നിലവിലുണ്ട്. ഇന്ത്യയുടെ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി നേപ്പാള്‍ ഭൂപടം തയ്യാറാക്കുകയും പാര്‍ലമെന്റ് പാസ്സാക്കുകയും ചെയ്തത് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം കനപ്പെടുത്തിയിരുന്നു.

Share this story