രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി; ‘കൊറോണ കാലത്തെ മോദി സർക്കാരിന്റെ നേട്ടങ്ങൾ ഇതാണ്’

രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി; ‘കൊറോണ കാലത്തെ മോദി സർക്കാരിന്റെ നേട്ടങ്ങൾ ഇതാണ്’

ദില്ലി; കൊവിഡ് പ്രതിസന്ധിയ്ക്കിടെ കേന്ദ്രസർക്കാരിന്റെ ‘മുൻഗണനകളെ’ കടന്നാക്രമിച്ച് വയനാട് എംപിയും കോൺഗ്രസ് മുൻ അധ്യക്ഷനുമായ രാഹുൽ ഗാന്ധി. രാജസ്ഥാനിൽ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാനുള്ള ശ്രമങ്ങൾ ശക്തമാകുന്നതിനിടെയാണ് ബിജെപിക്കെതിരെ രാഹുലിന്റെ രൂക്ഷവിമർശനം. കൊറോണ കാലത്തെ സർക്കാരിന്റെ നേട്ടങ്ങൾ എന്ന കുറിപ്പോടെ ട്വിറ്ററിലൂടെയാണ് രാഹുൽ ഗാന്ധി പ്രതികരിച്ചത്.

‘കൊറോണ കാലത്തെ സർക്കാരിന്റെ നേട്ടങ്ങൾ; ഫെബ്രുവരി-ഹെലോ ട്രംപ്, മാർച്ചിൽ മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കി, ഏപ്രിൽ മെഴുകുതിരി കത്തിക്കൽ, മെയ് സർക്കാരിന്റെ ആറാം വാർഷികാചരണം, ജൂൺ-ബിഹാറിലെ വെർച്വൽ റാലി, ജുലൈ രാജസ്ഥാനിൽ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാനുള്ള ശ്രമം,കൊറോണയ്ക്കെതിരായ പോരാട്ടത്തിൽ രാജ്യം സ്വയംപര്യാപ്തമാകുന്നത് അതുകൊണ്ടാണ്’ രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

നേരത്തേയും കേന്ദ്രസർക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ചോദ്യം ചെയ്ത് രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. കോവിഡ് പരിശോധനകള്‍ നിയന്ത്രിക്കുകുയും മരണങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്യുകയുമുണ്ടായി എന്നായിരുന്നു രാഹുൽ കുറ്റപ്പെടുത്തിയത്. ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം 10 ലക്ഷം പിന്നിടുമ്പോള്‍ മരണസംഖ്യ ദുരൂഹമാണെന്ന വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ടും പങ്കുവെച്ച് കൊണ്ടായിരുന്നു രാഹുലിന്റെ ട്വീറ്റ്.

ബിജെപി നുണകള്‍ സ്ഥാപനവത്കരിച്ചതായും ഇന്ത്യ ഇതിന് വലിയ വില നല്‍കേണ്ടി വരുമെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. യഥാര്‍ത്ഥ ജിഡിപിയിലെ ഇടിവ് മറച്ചുപിടിക്കാന്‍ സര്‍ക്കാര്‍ ജിഡിപിയെ പുതിയ രീതിയിലാണ് കണക്കുകൂട്ടുന്നതെന്നും അതിര്‍ത്തിയിലെ ചൈനീസ് ആക്രമണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കീഴടങ്ങിയെന്നും കേന്ദ്ര സര്‍ക്കാരിന്റെ ഭീരുത്വംമൂലം ഇന്ത്യ വന്‍ വില നല്‍കേണ്ട അവസ്ഥയിലാണെന്നും രാഹുൽ ഗാന്ധി വിമർശിച്ചിരുന്നു.

ശക്തനാണെന്ന നരേന്ദ്ര മോദിയുടെ കെട്ടിച്ചമച്ച പ്രതിച്ഛായയാണ് ഇന്ത്യയുടെ ഇപ്പോഴത്തെ ഏറ്റവും വലിയ ദൗർബല്യം എന്നും രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Share this story