സ്വര്‍ണക്കടത്ത്: കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചു

സ്വര്‍ണക്കടത്ത്: കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചു

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് നിര്‍ണായക ഘട്ടത്തിലെത്തിനില്‍ക്കെ കസ്റ്റംസ് അന്വേഷണ സംഘത്തിലെ പത്തു പേരെ സ്ഥലം മാറ്റിയ ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചു. സംഭവം വിവാദമായതിനു പിന്നാലെയാണ് താല്‍ക്കാലിക നടപടി.

അതേസമയം, ഉത്തരവ് പിന്‍വലിച്ചിട്ടില്ല. ബുധനാഴ്ചയാണ് സ്ഥലംമാറ്റ ഉത്തരവ് വന്നത്. അന്വേഷണത്തില്‍ ഏറ്റവും ശക്തമായി നില്‍ക്കുന്ന പത്തുപേരെയാണ് സ്ഥലംമാറ്റിയത്. ഡെപ്യൂട്ടേഷന്‍ കഴിഞ്ഞതിനാലാണ് മാറ്റം എന്നായിരുന്നു ഔദ്യോഗിക വിശദീകരണം.

കൊച്ചി കസ്റ്റംസ് കമ്മീഷണര്‍ മുഹമ്മദ് യൂസഫിന്റെ പേരിലിറങ്ങിയ ഉത്തരവിലാണ് ഇവരെ വിവിധ യൂണിറ്റുകളിലേക്ക് മാറ്റിയത്. അന്വേഷണ സംഘത്തലവനായ കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍ സുമിത് കുമാര്‍ അറിയാതെയാണ് ഉത്തരവിറക്കിയതെന്നാണ് സൂചന. നീക്കത്തില്‍ അദ്ദേഹം കേന്ദ്രത്തിലെ കസ്റ്റംസ് ഉന്നതാധികാരികളെ എതിര്‍പ്പറിയിച്ചു.

ഉത്തരവിന്റെ അവസാനഭാഗത്ത് ചീഫ് കമ്മീഷണറുടെ അനുവാദത്തോടെ എന്ന് എഴുതിയിരുന്നു. ഇതിനെ ചോദ്യംചെയ്താണ് സുമിത് കുമാര്‍ എതിര്‍പ്പറിയിച്ചത്. തുടര്‍ന്നാണ് കേന്ദ്രം ഇടപെട്ട് സ്ഥലംമാറ്റ ഉത്തരവ് തല്‍ക്കാലത്തേക്ക് മരവിപ്പിച്ചത്.

Share this story