ശിവരാജ് സിങ്ങ് ചൗഹാനെ കോവിഡ് ബാധിച്ചത് വിഷമിപ്പിക്കുന്നു: കമല്‍നാഥ്‌

ശിവരാജ് സിങ്ങ് ചൗഹാനെ കോവിഡ് ബാധിച്ചത് വിഷമിപ്പിക്കുന്നു: കമല്‍നാഥ്‌

ഭോപാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാന് കോവിഡ് ബാധിച്ചെന്ന വിവരം വിഷമിപ്പിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥ്. കൊറോണ വൈറസിനെക്കുറിച്ച് തമാശകള്‍ പറഞ്ഞിരുന്ന സമയത്ത് അതിനെ ഗൗരവമായി എടുത്തിരുന്നെങ്കില്‍ ഇപ്പോഴത്തെ സ്ഥിതി ഒഴിവാക്കാനാവുമായിരുന്നെന്നും കമല്‍നാഥ് പറഞ്ഞു.

വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും കോവിഡ് പ്രതിസന്ധിയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നാടകം കളിക്കുകയാണെന്ന് പരിഹസിച്ച നിങ്ങള്‍ കോവിഡ് ഭീഷണിയെ ഗൗരവത്തോടെ എടുത്തില്ലെന്നും കമല്‍നാഥ് ട്വീറ്റ് ചെയ്തു.

ഗുരുതരമായ രോഗമാണിതെന്ന് തുടക്കം മുതല്‍ തങ്ങള്‍ പറഞ്ഞെങ്കിലും അതേക്കുറിച്ച് ശ്രദ്ധ ചെലുത്താതിരുന്ന താങ്കള്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നെങ്കില്‍ കോവിഡില്‍ നിന്നും രക്ഷനേടാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

തനിക്ക് കോവിഡ് പോസിറ്റീവാണെന്ന് ശിവരാജ് സിങ് ചൗഹാന്‍ അറിയിച്ചതിന് പിന്നാലെയാണ് കമല്‍നാഥ് പ്രതികരിച്ചത്.

തനിക്ക് കോവിഡ് രോഗം പിടിപെട്ടതായി ചൗഹാന്‍ തന്നെയാണ് ട്വീറ്റ് ചെയ്തത്. സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയെന്ന് കരുതുന്നതിനാല്‍ താനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ പരിശോധന നടത്തണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചിട്ടുണ്ട്.

ശിവരാജ് സിങ് ചൗഹാനുമായി ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരേയും ആരോഗ്യവകുപ്പ് അധികൃതര്‍ ക്വാറന്റീനിലാക്കിയിട്ടുണ്ട്.

Share this story