അയോധ്യ രാമക്ഷേത്ര നിര്‍മാണം; ആഗസ്റ്റ് 5ലെ പരിപാടി ദൂരദര്‍ശനില്‍ തല്‍സമയ സംപ്രേഷണം ചെയ്യും

അയോധ്യ രാമക്ഷേത്ര നിര്‍മാണം; ആഗസ്റ്റ് 5ലെ പരിപാടി ദൂരദര്‍ശനില്‍ തല്‍സമയ സംപ്രേഷണം ചെയ്യും

ദില്ലി: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനുള്ള ഭൂമി പൂജ നടക്കുന്ന ആഗസ്റ്റ് അഞ്ചിലെ പരിപാടി ദൂരദര്‍ശനില്‍ തല്‍സമയം സംപ്രേഷണം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ ഒട്ടേറെ വിഐപികള്‍ പങ്കെടുക്കുന്ന പരിപാടിയാണിത്. ഒട്ടേറെ ടെലിവിഷന്‍ ചാനലുകള്‍ ലൈവ് സംപ്രേഷണം ചെയ്യുമെന്ന് ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. സ്വതന്ത്ര ഇന്ത്യയിലെ ചരിത്ര നിമിഷമാണിതെന്നും ട്രസ്റ്റ് പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറ്റു പരിപാടികളെ പോലെ തന്നെ അയോധ്യയിലെ പരിപാടിയും സംപ്രേഷണം ചെയ്യുമെന്ന് പ്രസാര്‍ ഭാരതി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആഗസ്റ്റ് അഞ്ചിലെ ചടങ്ങുകള്‍ വിലയിരുത്തുന്നതിന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ശനിയാഴ്ച അയോധ്യയിലെ നിര്‍ദിഷ്ട ക്ഷേത്ര പരിസരം സന്ദര്‍ശിച്ചിരുന്നു.

അതേസമയം, രാമക്ഷേത്ര നിര്‍മാണത്തിന് തറക്കല്ലിടല്‍ കര്‍മം നടക്കാനിരിക്കെ എതിര്‍ ശബ്ദവുമായി ശങ്കരാചാര്യ സ്വരൂപാന്ദ സരസ്വതി രംഗത്ത്. ആഗസ്റ്റ് അഞ്ച് അശുഭകരമായ സമയമാണെന്ന് ശങ്കരാചാര്യ സ്വാമി പറയുന്നു. ഉചിതമായ സമയത്താണ് നിര്‍മാണം തുടങ്ങേണ്ടത്. രാമക്ഷേത്രത്തിന് പ്രത്യേക ട്രസ്റ്റിന്റെ ആവശ്യമില്ല. ക്ഷേത്രം ഭംഗിയായി നിര്‍മിക്കുക മാത്രമാണ് വേണ്ടത്. തറക്കല്ലിടല്‍ കര്‍മം നടക്കേണ്ടത് ഏറ്റവും ഉചിതമായ സമയത്താണ്. എന്നാല്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത് നല്ല സമയമല്ലെന്ന് വ്യക്തമായിയ സ്വാമി എന്താണ് അശുഭ സമയമാണെന്ന് പറയാന്‍ കാരണം എന്ന് വിശദീകരിച്ചില്ല.

തറക്കല്ലിടല്‍ കര്‍മം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കുമെന്ന് ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് അറിയിച്ചിരുന്നു. ആഗസ്റ്റ് അഞ്ചിന് നടക്കുന്ന വിപുലമായ പരിപാടിയില്‍ 200 പേര്‍ പങ്കെടുക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 150 ക്ഷണിതാക്കള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവിധ മുഖ്യമന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍, മറ്റു പ്രമുഖര്‍ പങ്കെടുക്കും. അയോധ്യയിലെത്തുന്ന നരേന്ദ്ര മോദി ഹനുമാന്‍ ക്ഷേത്രത്തില്‍ പ്രാര്‍ഥന നടത്തും. ശേഷമാണ് തറക്കല്ലിടല്‍ കര്‍മത്തിന് എത്തുക. രാമക്ഷേത്രം നിര്‍മിക്കുന്ന സ്ഥലത്ത് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ പ്രത്യേക പ്രാര്‍ഥനകള്‍ നടക്കും. മൂന്ന് ദിവസം നീളുന്ന പ്രത്യേക പ്രാര്‍ഥനകളും പൂജകളുമാണ് നടക്കുക.

Share this story