ഐതിഹാസികമായ കാർഗിൽ വിജയത്തിന് ഇന്ന് 21 വയസ്സ്; ധീരജവാൻമാരുടെ സ്മരണയിൽ രാജ്യം

ഐതിഹാസികമായ കാർഗിൽ വിജയത്തിന് ഇന്ന് 21 വയസ്സ്; ധീരജവാൻമാരുടെ സ്മരണയിൽ രാജ്യം

ഐതിഹാസികമായ കാർഗിൽ വിജയത്തിന് ഇന്ന് 21 വർഷം തികയുന്നു. പാക്കിസ്ഥാന്റെ നുഴഞ്ഞുകയറ്റത്തെ മൂന്ന് മാസം നീണ്ടുനിന്ന പോരോട്ടത്തിലൂടെ പരാജയപ്പെടുത്തി ഇന്ത്യൻ സൈന്യം ത്രിവർണ പതാക പാറിച്ചതിന്റെ ഓർമയിലാണ് രാജ്യം. പരമാധികാരം നിലനിർത്തുന്നതിനും രാജ്യത്തിന്റെ അഭിമാന സംരക്ഷണത്തിനുമായി നമുക്ക് പക്ഷേ നഷ്ടപ്പെട്ടത് 527 ധീരജവാൻമാരെയാണ്.

1999ലെ കൊടുംശൈത്യത്തിൽ ഇന്ത്യൻ സൈന്യം അതിർത്തികളിൽ നിന്ന് പിൻവാങ്ങിയതിന്റെ മറവ് പറ്റിയാണ് പാക് സൈനിക മേധാവി പർവേസ് മുഷ്‌റഫിന്റെ ചതിപ്രയോഗം നടന്നത്. ഭീകരവാദികളുടെ വേഷം ധരിച്ച പാക് സൈന്യം കാർഗിലിലെ തന്ത്രപ്രധാനമായ മേഖലകളിൽ നുഴഞ്ഞുകയറി. ഓപറേഷൻ ബാദർ എന്നായിരുന്നു ചതിയിലൂടെയുള്ള നീക്കത്തിന് പാക് സൈന്യം നൽകിയ പേര്

ആട്ടിടയൻമാരിൽ നിന്നാണ് പാക് സൈന്യത്തിന്റെ നുഴഞ്ഞുകയറ്റം ഇന്ത്യൻ സേന അറിയുന്നത്. തിരിച്ചടി നൽകാനായി സൈന്യം സജ്ജമായി. അങ്ങനെയാണ് ഓപറേഷൻ വിജയ് ആരംഭിക്കുന്നത്. പ്രതികൂല കാലാവസ്ഥയിലും ഭൂപ്രകൃതിയിലും മല്ലിട്ട് നിന്ന സൈന്യം പുതിയൊരു വീരഗാഥ രിചിക്കുകയായിരന്നു.

കരസേനക്ക് പിന്തുണയുമായി വ്യോമസേനയും നാവിക സേനയും സജ്ജമായതോടെ പാക്കിസ്ഥാൻ അക്ഷരാർഥത്തിൽ പ്രതിരോധത്തിലായി. നാവികസേനയുടെ കപ്പലുകൾ ലാഹോർ അതിർത്തിയിൽ നിലയുറപ്പിച്ചിരുന്നു. സർക്കാരിന്റെ വിലക്കില്ലായിരുന്നുവെങ്കിൽ പാക്കിസ്ഥാനും ബോംബിടാൻ തയ്യാറായിരുന്നു നാവിക സേനയും വ്യോമസേനയും.

നാവികസേന ഓപറേഷൻ തൽവാറും വ്യോമസേന ഓപറേഷൻ സഫേദ് സാഗറുമായി രംഗപ്രവേശം ചെയ്തു. ജൂലൈ 14ന് കാർഗിലിൽ ഇന്ത്യ വിജയം വരിച്ചതായി പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി പ്രഖ്യാപിച്ചു. ജൂലൈ 26ന് യുദ്ധം അവസാനിച്ചതായുള്ള ഔദ്യോഗിക പ്രഖ്യാപനമുണ്ടായി. രാജ്യത്തിനായി ജീവൻ ബലി നൽകിയ ധീരജവാൻമാരുടെ വീരസ്മരണ പുതുക്കുകയാണ് ഇന്ന് രാജ്യമെങ്ങും.

Share this story