ബിജെപി നേതാവിന്റെ ഫാം ഹൗസിൽ നിന്ന് മനുഷ്യക്കടത്ത് സംഘം പിടിയിൽ: തനിക്ക് പങ്കില്ലെന്ന് നേതാവ്

ബിജെപി നേതാവിന്റെ ഫാം ഹൗസിൽ നിന്ന് മനുഷ്യക്കടത്ത് സംഘം പിടിയിൽ: തനിക്ക് പങ്കില്ലെന്ന് നേതാവ്

ദില്ലി: ബിജെപി നേതാവിന്റെ ഫാം ഹൌസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയായിരുന്ന മനുഷ്യക്കടത്ത് റാക്കറ്റിലെ കണ്ണികൾ അറസ്റ്റിൽ. മുൻ ബിജെപി ജില്ലാ പ്രസിഡന്റിന്റെ ഉടമസ്ഥതയിലുള്ള ഫാം ഹൌസിൽ നിന്നാണ് പോലീസ് മൂന്ന് സ്ത്രീകൾ ഉൾപ്പെടെ ഒമ്പത് പേരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. എന്നാൽ കുറ്റകൃത്യത്തിൽ തനിക്ക് പങ്കില്ലെന്നാണ് ബിജെപി നേതാവിന്റെ വാദം. സംഭവത്തിൽ കേസെടുത്ത ലോക്കൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവർക്ക് ഫാം ഹൌസ് പാട്ടത്തിന് നൽകിയെന്നും ബിജെപി നേതാവ് അവകാശപ്പെടുന്നു. സെക്സ് റാക്കറ്റിന്റെ പേരിൽ മനുഷ്യക്കടത്ത് നടത്തുന്നതുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ റെയ്ഡിലാണ് പ്രതികൾ പിടിയിലായത്. ആഗ്ര സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് ബബ്ലു കുമാറിനെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ആദ്യം ഫാം ഹൌസിലെത്തിക്കുന്ന യുവതികളെ ആവശ്യക്കാർക്ക് അനുസരിച്ച് ഹോട്ടലുകളിലേക്ക് അയയ്ക്കുകയാണ് ചെയ്യുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

സെക്സ് റാക്കറ്റിന് പിന്നിൽ ചില ഉന്നതർക്ക് പങ്കുണ്ടെന്ന സൂചനയും പോലീസ് നൽകുന്നുണ്ട്. സെക്സ് റാക്കറ്റിൽ ഇവർക്കുള്ള പങ്കും പോലീസ് അന്വേഷിച്ച് വരികയാണ്. മൂന്ന് സ്ത്രീകൾ ഉൾപ്പെടെ ഒമ്പത് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. കുറ്റവാളികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

ആഗ്ര പോലീസ് മനപ്പൂർവ്വം തന്നെ കേസിൽപ്പെടുത്താൻ ശ്രമിക്കുകയാണെന്നാണ് ബിജെപി നേതാവ് അവകാശപ്പെടുന്നതെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഫാം ഹൌസിൽ സംഭവിച്ച കാര്യങ്ങളിൽ താൻ ഉൾപ്പെട്ടിട്ടില്ലെന്നും ഇയാൾ വാദിക്കുന്നു. ഞാൻ ഫാം ഹൌസ് സച്ചിൻ, വിശാൽ ഗോയൽ, വിഷ്ണു എന്നിവർക്ക് പാട്ടത്തിന് നൽകിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേസിൽ ശരിയായ രീതിയിൽ അന്വേഷണം നടത്തണമെന്നും ബിജെപി നേതാവ് ആവശ്യപ്പെടുന്നുണ്ട്.

എന്നാൽ ഫാം ഹൌസിലാണ് എന്താണ് സംഭവിച്ചിരുന്നതിനെക്കുറിച്ച് ബിജെപി നേതാവിന് അറിയാമായിരുന്നുവെന്നാണ് പ്രഥമദൃഷ്ട്യാ പോലീസ് നൽകുന്ന വിവരം. കേസ് അന്വേഷണത്തിന്റെ പുരോഗതിയെക്കുറിച്ച് മാധ്യമങ്ങളെ അറിയിക്കുമെന്നാണ് പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കിയത്. ആഗ്രയിലെ ചില ഫൈവ് സ്റ്റാർ ഹോട്ടലുകൾ കേന്ദ്രീകരിച്ച് ഇത്തത്തിൽ സെക്സ് റാക്കറ്റുകൾ പ്രവർത്തിച്ച് വരുന്നുണ്ടെന്നാണ് സിറ്റി പോലീസ് സൂപ്രണ്ട് ബോത്രെ റോഹൻ പ്രസാദ് നൽകുന്ന വിവരം. ഈ കേസുമായി ഹോട്ടലുകൾക്കുള്ള പങ്കും ഇതോടൊപ്പം പോലീസ് അന്വേഷിക്കും.

Share this story