ഓസ്‌കര്‍ ബോളിവുഡിലെ അന്ത്യചുംബനം; എ.ആര്‍ റഹ്മാനു പിന്നാലെ ദുരനുഭവം പറഞ്ഞ് റസൂല്‍ പൂക്കുട്ടി

ഓസ്‌കര്‍ ബോളിവുഡിലെ അന്ത്യചുംബനം; എ.ആര്‍ റഹ്മാനു പിന്നാലെ ദുരനുഭവം പറഞ്ഞ് റസൂല്‍ പൂക്കുട്ടി

മുംബൈ: ഓസ്‌കര്‍ പുരസ്‌കാരം നേട്ടം സിനിമ കരിയറിന് കെണിയാകുന്നുവോ? സംഗീതജ്ഞന്‍ എ.ആര്‍. റഹ്മാനു പിന്നാലെ സൗണ്ട് ഡിസൈനര്‍ റസൂല്‍ പൂക്കുട്ടിയും ബോളിവുഡില്‍ നേരിടേണ്ടിവന്ന ദുരനുഭവം തുറന്നുപറഞ്ഞിരിക്കുകയാണ്. റഹ്മാന് പിന്തുണ അറിയിച്ചുള്ള ശേഖര്‍ കപൂറിന്റെ ട്വീറ്റിന് മറുപടിയായാണ് റസൂല്‍ പൂക്കുട്ടിയുടെ ട്വീറ്റ്.

സ്ലം ഡോഗ് മില്യണയറിലൂടെ ലഭിച്ച ഓസ്‌കാറിനുശേഷം പലരും എന്നെ ജോലിക്കായി വിളിക്കാറില്ല. കടുത്ത മനോവേദനയുണ്ടാക്കിയ സമയമായിരുന്നു അത്. നിങ്ങളെ ആവശ്യമില്ലെന്ന് മുഖത്തുനോക്കി പറഞ്ഞ പ്രൊഡക്ഷന്‍ ഹൗസുകളുണ്ട്. എന്നാലും ഞാന്‍ ഈ ഇന്‍ഡസ്ട്രിയെ സ്നേഹിക്കുന്നു -റസൂല്‍ പൂക്കുട്ടി ട്വീറ്റ് ചെയ്തു.

അവസരം നല്‍കാത്തതില്‍ ആരെയും കുറ്റപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. ഹോളിവുഡിലെ ഏറ്റവും അഭിമാനകരമായ അവാര്‍ഡ് നേടുന്നവര്‍ കരിയറില്‍ താഴേക്കുപോകും എന്ന അന്ധവിശ്വാസമായ ‘കുപ്രസിദ്ധ ഓസ്‌കാര്‍ ശാപം’ താനും നേരിടുന്നുവെന്നു വിശ്വസിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബോളിവുഡില്‍ ഒരുകൂട്ടം ആളുകള്‍ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണെന്നും ചില ഗ്യാങ്ങുകള്‍ തന്നെക്കുറിച്ച് തെറ്റായ പ്രചരണങ്ങള്‍ നടത്തുന്നതായും എ.ആര്‍ റഹ്മാന്‍ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. തനിക്ക് വരുന്ന നല്ല സിനിമകള്‍ വേണ്ടെന്നുവെക്കുന്നതല്ല. പഴയതുപോലെയല്ല ഇപ്പോള്‍ വളരെക്കുറിച്ച് ബോളിവുഡ് സംവിധായകരെ തന്നെ സമീപിക്കാറുള്ളൂ. ഇത് ചിലരുടെ തെറ്റായ പ്രചാരണം മൂലമാണെന്നും റഹ്മാന്‍ പറഞ്ഞു. എന്തുകൊണ്ടാണ് ഹിന്ദി ചിത്രങ്ങള്‍ ചെയ്യുന്നത് കുറച്ചതെന്ന റേഡിയോ മിര്‍ച്ചി അവതാരകന്റെ ചോദ്യത്തിനായിരുന്നു റഹ്മാന്റെ മറുപടി.

റഹ്മാന്റെ പ്രതികരണം പ്രസിദ്ധീകരിച്ച പത്രത്താളും ചേര്‍ത്തായിരുന്നു ശേഖര്‍ കപൂര്‍ ട്വിറ്ററില്‍ പിന്തുണയുമായെത്തിയത്. എന്താണ് നിങ്ങളുടെ പ്രശ്‌നമെന്ന് അറിയാമോ? നിങ്ങള്‍ പോയി ഓസ്‌കര്‍ പുരസ്‌കാരം വാങ്ങി. ഓസ്‌കര്‍ ബോളിവുഡില്‍ അന്ത്യചുംബനമാണ്. ബോളിവുഡിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലധികം ടാലന്റ് നിങ്ങള്‍ക്കുണ്ടെന്ന് ഇത് വ്യക്തമാക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

Share this story