മധ്യപ്രദേശിൽ ജഡ്ജിയുടെ കൊലപാതകം: 45കാരി അടക്കം ആറ് പേർ അറസ്റ്റിൽ

മധ്യപ്രദേശിൽ ജഡ്ജിയുടെ കൊലപാതകം: 45കാരി അടക്കം ആറ് പേർ അറസ്റ്റിൽ

മധ്യപ്രദേശിൽ അഡീഷണൽ ജില്ലാ ജഡ്ജിയെയും മകനെയും വിഷംകൊടുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ നാൽപ്പത്തഞ്ചുകാരിയും മന്ത്രവാദിയും അടക്കം ആറുപേർ അറസ്റ്റിലായി. മദ്ധ്യപ്രദേശിലെ ബീട്ടുൽ ജില്ലയിലാണ് സംഭവം നടന്നത്. മഹേന്ദ്ര ത്രിപാഠി, മുപ്പത്തിമൂന്നുകാരനായ മകൻ എന്നിവരാണ് കൊല്ലപ്പെട്ടത്.

ത്രിപാഠിക്ക് ചപ്പാത്തിയുണ്ടാക്കാനായി വിഷം കലർന്ന ഗോതമ്പുമാവ് നൽകിയ സന്ധ്യാ സിംഗും കൂട്ടാളികളുമാണ് പിടിയിലായത്. വ്യക്തിവിരോധമാണ് കൊലയ്ക്കുപിന്നിലെന്നാണ് പൊലീസ് നൽകുന്ന സൂചന. ജഡ്ജിയുടെ കുടുംബത്തെ മുഴുവൻ ഇല്ലാതാക്കാനായിരുന്നു സന്ധ്യയുടെയും കൂട്ടാളികളുടെയും പദ്ധതി.

ത്രിപാഠിയും സന്ധ്യാസിംഗും നേരത്തേ പരിചയക്കാരായിരുന്നു. കഴിഞ്ഞമാസം ഇരുപതിനായിരുന്നു ത്രിപാഠി സന്ധ്യാസിംഗിന്റെ പക്കൽ നിന്ന് ഗോതമ്പുമാവ് വാങ്ങിയത്. അന്നുതന്നെ അദ്ദേഹത്തിന്റെ ഭാര്യ ചപ്പാത്തി ഉണ്ടാക്കി. ത്രിപാഠിയും രണ്ടുമക്കളും ചപ്പാത്തി കഴിച്ചു. ഭാര്യ കഴിച്ചില്ല. പാതിരാത്രിയാതോടെ മൂവരും ഛർദ്ദിച്ചുതുടങ്ങി. പിറ്റേന്നും ഛർദ്ദിലും വയറിളക്കവും തുടർന്നു. നില കൂടുതൽ വഷളായതോടെ മൂവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇരുപത്തഞ്ചിന് മൂത്തമകൻ മരിച്ചു. പിറ്റേന്ന് ത്രിപാഠിയും മരിച്ചു. എന്നാൽ ഇളയമകൻ രക്ഷപ്പെട്ടു. സംശയം തോന്നി നടത്തിയ പരിശോധനയിൽ ഗോതമ്പുമാവിൽ വിഷാംശമുണ്ടെന്ന് വ്യക്തമായി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സന്ധ്യാസിംഗും കൂട്ടാളികളും പിടിയിലായത്.

 

Share this story