സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി വിഹിതമുണ്ടാകില്ല, ചില്ലിക്കാശില്ലെന്ന് കേന്ദ്രം

സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി വിഹിതമുണ്ടാകില്ല, ചില്ലിക്കാശില്ലെന്ന് കേന്ദ്രം

ദില്ലി: ജിഎസ്ടി 2017ല്‍ ആരംഭിച്ചെങ്കിലും വലിയൊരു പ്രതിസന്ധിയെ നേരിടുകയാണ് കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി വിഹിതമായി നല്‍കാന്‍ ചില്ലിക്കാശില്ലെന്ന് മോദി സര്‍ക്കാര്‍ വ്യക്തമാക്കി. ഇതോടെ കേരളം അടക്കമുള്ളവര്‍ വന്‍ പ്രതിസന്ധിയെ നേരിടേണ്ടി വരും. എല്ലാ സംസ്ഥാനങ്ങളും കോവിഡ് പ്രതിസന്ധി അടക്കം നേരിട്ട് വന്‍ സാമ്പത്തിക തകര്‍ച്ചയിലാണ്.

2019 ഓഗസ്റ്റ് മുതല്‍ തന്നെ നല്ലൊരു തുക വിവിധ സംസ്ഥാനങ്ങള്‍ക്കായി കേന്ദ്രം നല്‍കാനുണ്ട്. ഇതിനായി നികുതി വര്‍ധിപ്പിക്കാനോ അതല്ലെങ്കില്‍ നികുതി സ്ലാബില്‍ നിന്ന് ഒഴിവാക്കിയവയെ ഉള്‍പ്പെടുത്താനോ ആയിരുന്നു കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.

കേന്ദ്ര ഫിനാന്‍സ് സെക്രട്ടറി അജയ് ഭൂഷണ്‍ പാണ്ഡെയാണ് ധനകാര്യ മന്ത്രാലയത്തിന്റെ പാര്‍ലമെന്ററി പാനലിന് മുന്നില്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള പണമില്ലെന്ന് വ്യക്തമാക്കി. പ്രതിപക്ഷം ഒന്നടങ്കം ഈ തീരുമാനത്തില്‍ രംഗത്ത് വന്നിരിക്കുകയാണ്.

ധനകാര്യ മന്ത്രാലയത്തിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ ആദ്യ യോഗത്തില്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളിലെ അംഗങ്ങള്‍ പങ്കെടുത്തിരുന്നു. കേന്ദ്രത്തിന് ഫണ്ടില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി സംസ്ഥാന വിവിഹം നല്‍കാതിരുന്നതാണ് ഇത്തരമൊരു പ്രശ്‌നത്തിലേക്ക് നയിച്ചതെന്ന് പ്രതിപക്ഷ നേതാക്കള്‍ പറയുന്നു.

അതിഥി തൊഴിലാളികള്‍ക്കുള്ള സഹായം, കോവിഡ് പ്രതിരോധം എന്നിവ അടക്കം വലിയ സാമ്പത്തിക പ്രതിസന്ധി സംസ്ഥാനങ്ങള്‍ നേരിടുന്നുണ്ട്. അതുകൊണ്ട് കേന്ദ്ര തീരുമാനം പ്രതിപക്ഷ നേതാക്കള്‍ ചോദ്യം ചെയ്തിരിക്കുകയാണ്. ജിഎസ്ടി നയങ്ങളെ കേന്ദ്രം അട്ടിമറിച്ചെന്നാണ് ആരോപണം.

ജിഎസ്ടി നിയമം നടപ്പാക്കാന്‍ തിടുക്കമായിരുന്നു സര്‍ക്കാരിന്. എന്നാല്‍ ഇപ്പോഴത്തെ പണമില്ലായ്മ, വളരെ മോശം രീതിയിലാണ് ജിഎസ്ടി നിയമം പാസാക്കിയതെന്നാണ് തെളിയിക്കുന്നതെന്ന് പ്രതിപക്ഷം പറയുന്നു. ജിഎസ്ടിയിലെ പ്രശ്‌നങ്ങള്‍ കോവിഡ് വന്നതോടെ തെളിഞ്ഞിരിക്കുകയാണ്. കേന്ദ്രത്തിന് ഈ പ്രശ്‌നം എങ്ങനെ പരിഹരിക്കുമെന്ന കാര്യത്തില്‍ യാതൊരു ധാരണയുമില്ലെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

ജിഎസ്ടി അളവില്‍ കൂടുതലായി കുറയുന്ന സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന വിഹിതത്തില്‍ കുറവുണ്ടാകുമെന്ന നിയമവും ഇതില്‍ വരും. ഇക്കാര്യം ജിഎസ്ടി കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യും. അതേസമയം 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 13806 കോടി രൂപ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് ധനമന്ത്രാലയം പറയുന്നു. ജൂലായില്‍ സംസ്ഥാന വിവിഹതത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ജിഎസ്ടി കൗണ്‍സിലില്‍ നടക്കേണ്ടതായിരുന്നു. എന്നാല്‍ ഇതുവരെ ഉണ്ടായിട്ടില്ല. നിലവിലുള്ള പല ഉല്‍പ്പന്നങ്ങള്‍ക്ക് സെസ് വര്‍ധിപ്പിച്ച് വരുമാനം വര്‍ധിപ്പിക്കാനുള്ള മാര്‍ഗം ധനമന്ത്രാലയത്തിന്റെ പരിഗണനയിലുണ്ട്. ഇത് മൂവായിരം കോടി രൂപ വരെ നല്‍കും.

Share this story