രാജസ്ഥാനില്‍ ഓഗസ്റ്റ് 17ന് വിശ്വാസ വോട്ട് നടന്നേക്കും, ഒരുക്കങ്ങളുമായി ഗെലോട്ട്

രാജസ്ഥാനില്‍ ഓഗസ്റ്റ് 17ന് വിശ്വാസ വോട്ട് നടന്നേക്കും, ഒരുക്കങ്ങളുമായി ഗെലോട്ട്

ജയ്പൂര്‍: രാജസ്ഥാനില്‍ വിശ്വാസ വോട്ട് നടത്താന്‍ സജ്ജമായി അശോക് ഗെലോട്ട്. ഓഗസ്റ്റ് 17ന് വിശ്വാസ വോട്ട് നടക്കുമെന്നാണ് ഗെലോട്ട് ക്യാമ്പ് പറയുന്നു. എന്നാല്‍ പരസ്യമായി ഇക്കാര്യം തീരുമാനിച്ചിട്ടില്ല. വിമതരെല്ലാം വിശ്വാസ വോട്ടിനായി തിരിച്ചെത്തുമെന്നാണ് വ്യക്തമാകുന്നത്. കഴിഞ്ഞ ദിവസം സച്ചിന്‍ പൈലറ്റ് ക്യാമ്പിലെ എംഎല്‍എമാരും വോട്ടെടുപ്പിനായി നിയമസഭയില്‍ എത്തുമെന്ന് പറഞ്ഞിരുന്നു. എല്ലാ എംഎല്‍എമാര്‍ക്കും വിപ്പ് നല്‍കിയത് കൊണ്ട് അത് ലംഘിക്കാനുമാവില്ല. പാര്‍ട്ടി നിര്‍ദേശം ലംഘിച്ചാല്‍ അത് അയോഗ്യതയ്ക്ക് കാരണമാകും. ഈ ആത്മവിശ്വാസമുള്ളത് കൊണ്ടാണ് വിശ്വാസ വോട്ട് 17ന് നടത്താന്‍ തന്നെ ഗെലോട്ട് തീരുമാനിച്ചത്.

ഓഗസ്റ്റ് 17 വരെ എംഎല്‍എമാര്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നാണ് ഗെലോട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം എംഎല്‍എമാരെ ജയ്പൂരിലെ റിസോര്‍ട്ടില്‍ നിന്ന് മാറ്റുകയാണ്. ഇവരെ ജയ്‌സാല്‍മീറിലേക്കാണ് കൊണ്ടുപോകുന്നത്. ഓഗസ്റ്റ് 14ന് നിയമസഭാ സമ്മേളനം നടക്കുന്നുണ്ട്. അന്നാണ് ഇവര്‍ ജയ്പൂരില്‍ തിരിച്ചെത്തുക. എല്ലാ എംഎല്‍എമാരോടും തിരിച്ചറിയല്‍ രേഖകള്‍ കൈവശം വെക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരെ മാരിയറ്റ് ഹോട്ടലിലേക്കോ സൂര്യഗഡ് റിസോര്‍ട്ടിലേക്കോ ആയിരിക്കും മാറ്റുക. ഇവരെ രണ്ട് ചാര്‍ട്ടര്‍ വിമാനങ്ങളിലായിട്ടാണ് ജയ്‌സാല്‍മീറില്‍ എത്തിക്കുക. മണ്ഡലങ്ങളിലെ പ്രവര്‍ത്തനവും ഇതോടൊപ്പം നടക്കും.

മന്ത്രിമാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ഗെലോട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. വൈകീട്ട് മൂന്നരയോടെ എല്ലാ എംഎല്‍എമാരും ജയ്‌സാല്‍മീറില്‍ എത്തും. ഇവിടെ പോലീസിന് കര്‍ശന നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. ഇവര്‍ ഓരോ കാര്യങ്ങളും നിരീക്ഷിക്കുന്നുണ്ട്. ഇവര്‍ 14 വരെ റിസോര്‍ട്ടില്‍ തുടരും. അതേസമയം എംഎല്‍എമാര്‍ ജയ്പൂരിലെ ഫെയര്‍മോണ്ട് ഹോട്ടലില്‍ നിന്ന് ബസ്സില്‍ വിമാന ത്താവളത്തിലേക്ക് പോകുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി അവസാനിക്കുന്നുവെന്ന സൂചനകളാണ് ലഭിക്കുന്നത്. വിമതര്‍ തിരിച്ചെത്തി വോട്ട് ചെയ്യുന്നതോടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും.

അതേസമയം സര്‍ക്കാരിനെ വീഴ്ത്താന്‍ നോക്കിയ കേസിലെ മുഖ്യപ്രതി സഞ്ജയ് ജെയിനെ ജില്ലാ കോടതിയില്‍ ഹാജരാക്കി. ശബ്ദ സാമ്പിള്‍ നല്‍കുന്നതിന് വേണ്ടിയാണിത്. ഇയാള്‍ റിസോര്‍ട്ടില്‍ എത്തിയതായി കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ഭന്‍വര്‍ ലാല്‍, വിശ്വേന്ദ്ര സിംഗ് എന്നിവരെയും അഴിമതി വിരുദ്ധ വിഭാഗം ചോദ്യം ചെയ്യും. ഇവര്‍ക്കും കുതിരക്കച്ചവടത്തില്‍ പങ്കുണ്ട്. കോണ്‍ഗ്രസിന്റെ പുതിയ സംസ്ഥാന അധ്യക്ഷന്‍ ഗോവിന്ദ് സിംഗ് ദൊത്താസാര സച്ചിന്‍ പൈലറ്റ് അടക്കമുള്ള വിമത എംഎല്‍എമാരോട് പാര്‍ട്ടിയിലേക്ക് തിരിച്ചുവരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Share this story