ബിഎസ് 4 വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നിരോധിച്ച് സുപ്രീം കോടതി

ബിഎസ് 4 വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നിരോധിച്ച് സുപ്രീം കോടതി

ദില്ലി: ബിഎസ് 4 വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ ഇനി ഒരു ഉത്തരവ് വരുന്നത് വരെ നടത്തരുതെന്ന് സുപ്രീം കോടതി. മാര്‍ച്ചിലെ കൊവിഡ് ലോക്ക് ഡൗണ്‍ സമയത്ത് ബിഎസ് 4 വാഹനങ്ങള്‍ വലിയ തോതില്‍ വിറ്റഴിക്കപ്പെട്ടതില്‍ സുപ്രീം കോടതി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. അസാധാരാണമായാണ് ആ സമയത്ത് ബിഎസ് 4 വാഹനങ്ങളുടെ വില്‍പന വര്‍ദ്ധിച്ചത് എന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

ജസ്റ്റിസ് അരുണ്‍ മിശ്രയുടെ അധ്യക്ഷതയിലുള്ള ബഞ്ചാണ് വിധി പ്രഖ്യാപിച്ചത്. കേസ് ഓഗസ്റ്റ് 13 ന് വീണ്ടും പരിഗണിക്കും.

ബിഎസ് 4 വാഹനങ്ങള്‍, നിര്‍മാതാക്കള്‍ക്ക് തന്നെ തിരികെ നല്‍കാന്‍ അനുമതി നല്‍കണം എന്നാവശ്യപ്പെട്ട് ഓട്ടോ മൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. അങ്ങനെയെങ്കില്‍ ഈ വാഹനങ്ങള്‍ വില്‍ക്കാന്‍ അനുമതിയുള്ള രാജ്യങ്ങളിലേക്ക് കയറ്റി അയക്കാം എന്നതായിരുന്നു വാദം. ചില രാജ്യങ്ങളില്‍ ഇപ്പോഴും ബിഎസ് 4 വാഹനങ്ങള്‍ വില്‍ക്കാന്‍ അനുവാദമുണ്ട് എന്നും ഡീലർമാരുടെ അഭിഭാഷകൻ വാദിച്ചിരുന്നു. അപ്പോഴും ഈ വിഷയത്തിൽ സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

മാര്‍ച്ച് 31 ഓടെ ബിഎസ് 4 വാഹനങ്ങളുടെ വില്‍പന അവസാനിപ്പിക്കണം എന്നായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. എന്നാല്‍ മാര്‍ച്ചില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇതില്‍ ചെറിയ ഇളവ് നല്‍കിയിരുന്നു. ലോക്ക് ഡൗണ്‍ പിന്‍വലിച്ചതിന് ശേഷം 10 ദിവസം കൂടി വില്‍പന തുടരാം എന്നതായിരുന്നു ഇളവ്. എന്നാല്‍ മൊത്തം സ്റ്റോക്കിന്റെ പത്ത് ശതമാനത്തില്‍ കൂടുതല്‍ ബിഎസ് 4 വാഹനങ്ങള്‍ വില്‍ക്കരുത് എന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഈ കണക്കുകളെ എല്ലാം കാറ്റില്‍ പറപ്പിച്ചുകൊണ്ടുള്ള വില്‍പനയാണ് നടന്നിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതാണ് സുപ്രീം കോടതിയെ ചൊടിപ്പിച്ചതും.

Share this story