വ്യാജമദ്യ ദുരന്തത്തില്‍ വിറച്ച് പഞ്ചാബ്, മരണസംഖ്യ 62, അറസ്റ്റിലായത് പത്ത് പേര്‍, നടപടി കടുക്കുന്നു

വ്യാജമദ്യ ദുരന്തത്തില്‍ വിറച്ച് പഞ്ചാബ്, മരണസംഖ്യ 62, അറസ്റ്റിലായത് പത്ത് പേര്‍, നടപടി കടുക്കുന്നു

അമൃത്സര്‍: പഞ്ചാബില്‍ വ്യാജമദ്യ ദുരന്തത്തില്‍ മരണനിരക്ക് കുത്തനെ ഉയരുന്നു. പോലീസ് നടപടി ഒരുവശത്ത് ശക്തമാക്കിയിട്ടുണ്ട്. പക്ഷേ ഇനിയും ഒരുപാട് മരിച്ച് വീഴുമെന്ന സൂചനകളാണ് ലഭിക്കുന്നത്. ഇതുവരെ 62 പേരാണ് സംസ്ഥാനത്ത് മരിച്ച് വീണത്. താന്‍ ടരണ്‍ ജില്ലയില്‍ 23 മരണം കൂടി രേഖപ്പെടുത്തി. ഇന്നലെ രാത്രി വരെ 19 മരണങ്ങളായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. താന്‍ ടരണില്‍ മാത്രം 42 പേരാണ് വ്യാജ മദ്യം കഴിച്ച് മരിച്ചത്. മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് സംഭവത്തില്‍ കഴിഞ്ഞ ദിവസം മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അമൃത്സര്‍, ഗുര്‍ദാസ്പൂര്‍, താന്‍ ടരണ്‍ ജില്ലകളിലായിട്ടായിരുന്നു വ്യാജ മദ്യ ദുരന്തമുണ്ടായത്.

താന്‍ തരണിലെ സദറിലും നഗര മേഖലകളിലുമാണ് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ കുല്‍വന്ത് സിംഗ് പറഞ്ഞു. അമൃത്സറില്‍ 11 പേരാണ് മരിച്ചത്. ഗുര്‍ദാസ്പൂരിലെ ബട്ടാലയില്‍ ഒമ്പതും പേര്‍ മരിച്ചു. ഇത് ബുധനാഴ്ച്ച രാത്രിക്ക് ശേഷമുള്ള കണക്കുകളാണ്. അതേസമയം ദുരന്തത്തിന് ഇരയായവരില്‍ പലരും മൊഴി രേഖപ്പെടുത്താന്‍ തയ്യാറാവുന്നില്ല. ഇവരെ ആരൊക്കെയോ തടയുന്നുണ്ടെന്നാണ് സൂചന. മരിച്ചവരുടെ കുടുംബാംഗങ്ങളും ഇതുവരെ മരണം സ്ഥിരീകരിക്കാനോ ആര്‍ക്കുമെതിരെ മൊഴി കൊടുക്കാനോ തയ്യാറായിട്ടില്ല.

വ്യാജ മദ്യദുരന്തത്തില്‍ ആര്‍ക്കെതിരെയും നടപടി വേണ്ടെന്ന നിലപാടിലാണ് ഭൂരിഭാഗം കുടുംബങ്ങളും. അതുകൊണ്ട് ഇവരാരും മൊഴി നല്‍കാന്‍ എത്തുന്നില്ല. പോസ്റ്റുമോര്‍ട്ടം പോലും ചിലര്‍ക്ക് നടത്താന്‍ സാധിച്ചിട്ടില്ലെന്ന് പഞ്ചാബ് പോലീസ് പറയുന്നു. അതേസമയം ചില കുടുംബങ്ങള്‍ തങ്ങളുടെ ബന്ധുക്കള്‍ വ്യാജ മദ്യം കഴിച്ചിട്ടാണ് മരിച്ചതെന്ന് അംഗീകരിക്കാന്‍ പോലും തയ്യാറാവുന്നില്ലെന്ന് ഗുര്‍ദാസ്പൂര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ മുഹമ്മദ് ഇഷ്ഫഖ് പറഞ്ഞു. ഇവര്‍ പറയുന്നത് തങ്ങളുടെ ബന്ധുക്കള്‍ ഹൃദയാഘാതം മൂലമാണ് മരിച്ചതെന്നാണ്.

കൊല്ലപ്പെട്ട കുടുംബങ്ങളിലുള്ളവര്‍ മൃതദേഹം പോലീസിനെ അറിയിക്കുക പോലും ചെയ്യാതെ അടക്കം ചെയ്തിട്ടുണ്ട്. ഇതെല്ലാം കേസിനെ ഇല്ലാതാക്കുന്നതാണ്. 10 പേരെ പോലീസ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം കഴിഞ്ഞ ദിവസവും പോസ്റ്റുമോര്‍ട്ടം പോലും ചെയ്യാതെ തന്നെയായിരുന്നു പല മൃതദേഹങ്ങളും അടക്കം ചെയ്തത്. നാല് പേരുടെ പോസ്റ്റുമോര്‍ട്ടം നടത്തുമെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Share this story