കൊവിഡ്: ദില്ലിയില്‍ 24 മണിക്കൂറിനിടെ മരിച്ചത് 15 പേര്‍; രണ്ടര മാസത്തിനിടെ ആദ്യം

കൊവിഡ്: ദില്ലിയില്‍ 24 മണിക്കൂറിനിടെ മരിച്ചത് 15 പേര്‍; രണ്ടര മാസത്തിനിടെ ആദ്യം

ദില്ലി: ദില്ലിയില്‍ കഴിഞ്ഞദിവസം കൊറോണ ബാധിച്ച് മരിച്ചത് 15 പേര്‍. ഇത് നേട്ടമാണെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍. കാരണം രണ്ടര മാസത്തിനിടെ ഇത്രയും കുറഞ്ഞ അളവില്‍ മരണം സംഭവിക്കുന്നത് ആദ്യമാണ്. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിജയമാണിതെന്നും അവര്‍ പറയുന്നു.

ദില്ലിയില്‍ ഇതുവരെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 4000 കടന്നു. ഞായറാഴ്ച മരിച്ചത് 15 പേരാണ്. ഞായറാഴ്ച 961 പേര്‍ക്ക് കൂടി കൊറോണ രോഗം സ്ഥിരീകരിച്ചു. എന്നാല്‍ 1186 പേര്‍ക്ക് രോഗം ഭേദമായി. രോഗം ഭേദമാകുന്നവരുടെ എണ്ണത്തിലും വര്‍ധവുണ്ടാകുന്നുണ്ട്.

ഞായറാഴ്ച വരെയുള്ള കണക്ക് പ്രകാരം ദില്ലിയില്‍ കൊറോണ രോഗം ബാധിച്ചവര്‍ 137677 പേരാണ്. രോഗം ഭേദമായവരുടെ എണ്ണം 123317 ആണ്. തലസ്ഥാന നഗരിയില്‍ രോഗം ഭേദമാകുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായി. പ്രതിദിന മരണം 15 ആയി കുറഞ്ഞു, രോഗ ബാധിതരുടെ എണ്ണം 1000 ല്‍ താഴെയായി. ഇത് കഠിനാധ്വാനത്തിന്റെ ഫലമാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. പരിശോധന വ്യാപകമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

അതേസമയം, ഒട്ടേറെ പ്രമുഖര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് രോഗം ബാധിച്ചു. ഇദ്ദേഹം കഴിഞ്ഞാഴ്ച കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തിരുന്നു. ആഭ്യന്തര മന്ത്രാലയത്തിലെ പ്രമുഖരായ ഉദ്യോഗസ്ഥരെല്ലാം രോഗ പരിശോധന നടത്താന്‍ തീരുമാനിച്ചു. അമിത് ഷാ ആശുപത്രിയിലാണ്. പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിനും കൊറോണ രോഗം ബാധിച്ചുവെന്നാണ് ഒടുവിലെ വിവരം.

Share this story