ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി; തമിഴ്നാട്ടിൽ ത്രിഭാഷാ പദ്ധതി അനുവദിക്കില്ല

ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി; തമിഴ്നാട്ടിൽ ത്രിഭാഷാ പദ്ധതി അനുവദിക്കില്ല

ചെന്നൈ: തമിഴ്നാട്ടിൽ ത്രിഭാഷാ പദ്ധതി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. ദേശീയ വിദ്യാഭ്യാസ നയത്തിലെ ത്രിഭാഷാ പഠന സംവിധാനം വേദനാജനകവും സങ്കടകരവുമാണെന്ന് എടപ്പാടി പളനിസ്വാമി പറഞ്ഞു. ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ തമിഴ്നാട്ടിലെ മുൻ മുഖ്യമന്ത്രിമാരുടെ നിലപാട് ചൂണ്ടിക്കാട്ടിയ എടപ്പാടി ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

‘ദേശീയ വിദ്യാഭ്യാസ നയത്തിൽ കേന്ദ്ര സർക്കാർ അവതരിപ്പിച്ച ത്രിഭാഷാ പദ്ധതിയിൽ ഞങ്ങൾ ദുഃഖിതരാണ്. പതിറ്റാണ്ടുകളായി നമ്മുടെ സംസ്ഥാനം ദ്വിഭാഷാ നയം പിന്തുടരുന്നു. അതിൽ ഒരു മാറ്റവുമുണ്ടാകുകയില്ല’, മുഖ്യമന്ത്രി പറഞ്ഞു. തമിഴ്നാട്ടിലെ ജനങ്ങളുടെ ഏകകണ്ഠമായ ആവശ്യം പ്രധാനമന്ത്രി മുഖവിലക്കെടുത്ത് ത്രി ഭാഷാ നയം പുനർവിചിന്തനം ചെയ്യണമെന്നും സ്വന്തം നയപ്രകാരം തീരുമാനമെടുക്കാൻ സംസ്ഥാനങ്ങളെ അനുവദിക്കണമെന്നും എടപ്പാടി ഔദ്യോഗിക പ്രസ്‌താവനയിൽ അറിയിച്ചു. 1965 ൽ കോൺഗ്രസ് സർക്കാർ ഹിന്ദി ഔദ്യോഗിക ഭാഷയാക്കാൻ ശ്രമിച്ചപ്പോൾ തമിഴ്നാട്ടിലെ വിദ്യാർത്ഥികൾ നടത്തിയ ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തെക്കുറിച്ചും മുഖ്യമന്ത്രി പരാമർശിച്ചു.

സംസ്ഥാനങ്ങളുടെമേൽ കേന്ദ്ര സർക്കാർ ഭാഷ അടിച്ചേൽപ്പിക്കില്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ നിഷാങ്ക് വ്യക്തമാക്കിയതിന് പിന്നാലെയാണ് എടപ്പാടി പ്രസ്‌താവന പുറത്തിറക്കിയത്. ഹിന്ദിയും സംസ്‌കൃതവും അടിച്ചേല്പിക്കുകയാണെന്ന് ആരോപിച്ചു തമിഴ്‌നാട്ടിൽ പ്രതിഷേധമുയരുന്നതിനിടയിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ നിലപാട് വ്യക്തമാക്കിയത്.

പുതിയ നയപ്രകാരം ഭാഷ തിരഞ്ഞെടുക്കാനുള്ള അവകാശം സംസ്ഥാനങ്ങൾക്ക് നൽകുന്നുണ്ടെങ്കിലും ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാരിൻ്റെ നിശബ്‍ദ ശ്രമമായിട്ടാണ് ഇത് കരുതപ്പെടുന്നത്. ഡി‌എം‌കെ നേതാവ് സ്റ്റാലിൻ അടക്കമുള്ളവർ എതിപ്പുമായി രംഗത്തുണ്ട്. ഈ നയം ഹിന്ദിയും സംസ്‌കൃതവും അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണെന്നും ഇതിനെതിരെ മറ്റു രാഷ്ട്രീയ പാർട്ടികളുമായി ചേർന്ന് പോരാടുമെന്നും സ്റ്റാലിൻ വ്യക്തമാക്കിയിരുന്നു.

Share this story