ഭൂമിപൂജ ദേശീയ ഐക്യത്തിനുളള അവസരം, രാമക്ഷേത്ര നിർമ്മാണത്തെ പിന്തുണച്ച് പ്രിയങ്ക ​ഗാന്ധിയും; മുസ്ലിംലീ​ഗിൽ അതൃപ്തി

ഭൂമിപൂജ ദേശീയ ഐക്യത്തിനുളള അവസരം, രാമക്ഷേത്ര നിർമ്മാണത്തെ പിന്തുണച്ച് പ്രിയങ്ക ​ഗാന്ധിയും; മുസ്ലിംലീ​ഗിൽ അതൃപ്തി

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി. രാമ ക്ഷേത്രനിര്‍മ്മാണത്തിനുളള ഭൂമി പൂജ നാളെയാണ് നടക്കുന്നത്. ഇതിന് മുന്നോടിയാട്ടാണ് പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവന ട്വിറ്ററിലൂടെ പുറത്തുവന്നത്. ക്ഷേത്രനിര്‍മാണത്തിനുള്ള ഭൂമി പൂജ ദേശീയ ഐക്യത്തിനും സാഹോദര്യത്തിനും സാംസ്‌കാരിക കൂട്ടായ്മയ്ക്കുമുള്ള അവസരമാണ്. രാമനെന്നാൽ ധൈര്യവും ത്യാ​ഗവും സംയമനവും പ്രതിബദ്ധതയുമാണ്. എല്ലാവർക്കുമൊപ്പവും എല്ലാവരിലും രാമനുണ്ടെന്നുമാണ് പ്രിയങ്ക ട്വിറ്ററിൽ കുറിച്ചത്.

കോൺ​ഗ്രസിലെ മുതിർന്ന നേതാക്കളും രാമക്ഷേത്ര നിർമ്മാണത്തെ പിന്തുണച്ച് എത്തിയിരുന്നു. രാമക്ഷേത്ര നിർമ്മാണത്തിന് തങ്ങൾ എതിരല്ല. പളളി പൊളിച്ച് അമ്പലം നിർമ്മിക്കുന്നതിലാണ് എതിർപ്പുളളതാണെന്നാണ് കോൺ​ഗ്രസ് നേതാക്കളുടെ നിലപാട്. അതേസമയം കോൺ​ഗ്രസ് ദേശീയ നേതാക്കൾ രാമക്ഷേത്ര നിർമ്മാണത്തിൽ നടത്തിയ പ്രതികരണങ്ങൾ അടക്കം ചർച്ച ചെയ്യാൻ മുസ്ലിം ലീ​ഗ് അടിയന്തര നേതൃയോ​ഗം വിളിച്ചു. പ്രിയങ്ക ​ഗാന്ധിയുടെ പരാമർശത്തിൽ അടക്കം ലീ​ഗിനുളളിൽ അതൃപ്തി ഉയർന്നതിനെ തുടർന്നാണ് പാണക്കാട് ദേശീയ ഭാരവാഹികളുടെ യോ​ഗം ചേരുന്നത്.

അയോധ്യയിലെ രാമക്ഷേത്രം നിര്‍മിക്കുന്നത് എല്ലാ ഇന്ത്യക്കാരുടെയും സമ്മതത്തോടെയാണെന്നായിരുന്നു മധ്യപ്രദേശ് കോണ്‍ഗ്രസ് അദ്ധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥ് കഴിഞ്ഞ ദിവസം പറഞ്ഞത്. രാമക്ഷേത്ര നിര്‍മാണത്തെ സ്വാഗതം ചെയ്യുന്നു. ഇത് ഇന്ത്യയില്‍ മാത്രമേ സംഭവിക്കൂവെന്നും കമല്‍നാഥ് ട്വിറ്ററിലെ വീഡിയോയിലൂടെ പറഞ്ഞിരുന്നു.

 

രാമക്ഷേത്രം നിര്‍മിക്കണമെന്ന് രാജീവ് ഗാന്ധി ആവശ്യപ്പെട്ടിരുന്നെന്ന് മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ദിഗ് വിജയ് സിങ്ങും അഭിപ്രായപ്പെട്ടിരുന്നു. ശ്രീരാമനാണ് എല്ലാ വിശ്വാസങ്ങളുടെയും കേന്ദ്രം. രാജ്യം ഇന്നു മുന്നോട്ടുപോകുന്നത് ശ്രീരാമനിലുള്ള വിശ്വാസംകൊണ്ടാണ്. അതിനാലാണ് രാമന്‍ ജനിച്ച അയോധ്യയില്‍ ഒരു ക്ഷേത്രം വേണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നത്. രാജീവ് ഗാന്ധിയും ഇത് ആഗ്രഹിച്ചിരുന്നുവെന്നും ദ്വിഗ് വിജയ് സിങ് ട്വിറ്ററില്‍ കുറിച്ചിരുന്നു. കോൺ​ഗ്രസ് നേതാവായ മനീഷ് തീവാരിയും രാമക്ഷേത്ര നിർമ്മാണത്തെ പിന്തുണച്ചിരുന്നു.

കേരളത്തിൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ, കെ മുരളീധരൻ എംപി എന്നിവരും രാമക്ഷേത്ര നിർമ്മാണത്തെ പിന്തുണച്ച് എത്തിയിരുന്നു.’രാമക്ഷേത്രം പണിയുന്നതിന് ആരും എതിരല്ല. പക്ഷെ, പള്ളി പൊളിച്ച് അമ്പലം പണിയണം എന്ന് പറഞ്ഞതിനോടാണ് നമുക്കെല്ലാം വിയോജിപ്പുള്ളത്. അതിനോട് ഒരു കാലത്തും കോണ്‍ഗ്രസ്സിന്റെ ദേശീയ നേതൃത്വം യോജിച്ചിട്ടില്ല. ഒരു മത വിഭാഗത്തിനെ മുറിവേല്‍പ്പിച്ച് കൊണ്ടാവരുത് ക്ഷേത്രങ്ങളും പള്ളികളും നിര്‍മിക്കേണ്ടത് എന്ന അഭിപ്രായമാണ് തങ്ങൾക്കുളളതെന്നും മുരളീധരൻ വ്യക്തമാക്കിയിരുന്നു.

Share this story